പ്രിയമുള്ളവരേ,

ഞങ്ങള്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ . കഴിഞ്ഞ ദശാബ്ദത്തിന്റെ ആദ്യ പകുതിയില്‍ മനസു നിറയെ പ്രതീക്ഷകളുമായി യു കെയിലേക്ക് കുടിയേറിയവര്‍ .മോഹങ്ങളും,മോഹഭംഗങ്ങളും സമ്മാനിച്ച്‌ കണ്ണടച്ച്  തുറക്കുന്നതു പോലെ ഏഴെട്ടു വര്‍ഷങ്ങള്‍ കടന്നു പോയി.

ഇക്കഴിഞ്ഞ വര്‍ഷങ്ങള്‍ ഞങ്ങളെ കുറെ കാര്യങ്ങള്‍ പഠിപ്പിച്ചു.സൂട്ട് ഇടാനും,ടൈ കെട്ടാനും,ഏതു വാക്കിനും മുന്‍പിലും പുറകിലും പ്ലീസ്,താങ്ക്സ് എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കാനും,ആരെക്കണ്ടാലും ഓള്‍റയിറ്റ് എന്ന് ചോദിക്കാനും ഒപ്പം എന്തു കാണിച്ചാലും എക്സെലെന്റ്റ്,സ്മാഷിംഗ് എന്നൊക്കെ പറയാനും ഞങ്ങള്‍ പഠിച്ചു.

ഇതൊക്കെയാണെങ്കിലും,മലയാളത്തിന്‍റെ തണലും തണുപ്പും  ഞങ്ങള്‍ കൈവിട്ടില്ല .ഈ വേളയിലാണ് യു കെ മലയാളികള്‍ക്ക് വേണ്ടി ഒരു വെബ്സൈറ്റ് എന്ന ആശയം മനസ്സില്‍ ഉടലെടുത്തതും ഒരു സൈറ്റ് രജിസ്റ്റര്‍ ചെയ്തതും.കൂടുതല്‍ ആലോചിച്ചും,ആലോചിക്കാതെയും,ജോലിയും,ഉറക്കവും,കുട്ടികളെ നോക്കലും ആയി വര്‍ഷങ്ങള്‍ കടന്നു പോയി.ഈ ആശയത്തിന്‍റെ ആവിഷ്കരണം ഇനിയും വൈകിക്കൂടാ എന്ന സത്യം ഞങ്ങള്‍ ഇപ്പോള്‍ മനസിലാക്കുന്നു.

ഇതു നമ്മുടെ കൂട്ടായ്മയാണ്.ഞങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്  ശരാശരി യു കെ മലയാളികളെയാണ് .ഇവിടെ ദുഖത്തിന്റെ കണ്ണീരും സന്തോഷത്തിന്റെ പുഞ്ചിരിയും പങ്കു  വയ്ക്കലിന്റെ കൃതാര്‍ത്ഥതയുമുണ്ട് .പത്രക്കച്ചവടക്കാരന്റെ കുരുട്ടു ബുദ്ധിയോ,കോര്‍പ്പറേറ്റ് ജാടകള്ലോ,അന്തിപത്രത്തിന്റെ എരിവും പുളിയുമോ നിങ്ങള്‍ പ്രതീക്ഷിക്കണ്ട.മറിച്ച്‌ ശരാശരി യു കെ മലയാളിക്ക് നിത്യ ജീവിതത്തില്‍ തികച്ചും ആവശ്യമായ വിവരങ്ങളും വാര്‍ത്തകളും പല കോണുകളില്‍ നിന്നും സമാഹരിച്ചു നിങ്ങളുടെ മുന്നിലെത്തിക്കുക എന്നത് മാത്രമാണ് ഞങ്ങളുടെ ലക്‌ഷ്യം.

ഓരോ നിമിഷവും ഓരോ വാര്‍ത്തയാണ് .വാര്‍ത്തകളെ അതിന്‍റെ പ്രാധാന്യത്തോടെ,വളച്ചൊടിക്കാതെ ലോകത്തിന്‍റെ മുന്പിലെത്തിക്കുക എന്നതാണ് യഥാര്‍ത്ഥ മാധ്യമ ധര്‍മം.ഒരേ വാര്‍ത്ത പല പേര്‍ കൈകാര്യം ചെയ്യുന്നത് പല വിധത്തിലായിരിക്കും.പക്ഷെ യഥാര്‍ത്ഥ വാര്‍ത്തയുടെ ആശയം മറ്റൊരു രൂപത്തില്‍ വായനക്കാരന്‍റെ മുന്‍പില്‍ എത്തുന്നത് പത്ര ധര്‍മത്തിന് നിരക്കുന്നതല്ല.മാധ്യമങ്ങള്‍ തമ്മില്‍ പരസ്പര മത്സരം ഉണ്ടാകുന്നതു പോലെ പരസ്പര ബഹുമാനവും ആവശ്യമാണ്.

എനിക്ക് ശേഷം പ്രളയം എന്ന് ഏതെങ്കിലും മാധ്യമം കരുതിയാല്‍ അവര്‍ക്ക് തെറ്റ് പറ്റി .കാരണം മാധ്യമ രംഗത്ത് ഇപ്പോള്‍  ഒന്നാമനായ ഗൂഗിള്‍ തുടങ്ങിയത് വെറും പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് മാത്രമാണ്.പാരമ്പര്യതെക്കാള്‍ ഏറെ ആശയങ്ങള്‍ക്ക് പ്രാധാന്യമുള്ള ഒരു യുഗത്തിലാണ് നാം ജീവിക്കുന്നത്.നല്ല ആശയങ്ങളെ ജനനന്മക്കു ഉപയോഗിക്കുക എന്നത് ഒരു പൌര ധര്‍മ്മമായി ഞങ്ങള്‍ കണക്കാക്കുന്നു.അതുകൊട്ണ്ട് തന്നെ നിങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും പരമാവധി ഈ വെബ്‌ സൈറ്റില്‍ ഉള്‍പ്പെടുതുന്നതായിരിക്കും.

കടന്നു പോകുന്ന വഴികളില്‍ മുള്ളുകളും കുഴികളും ഉണ്ടാവാം…,ഒരു പനിനീര്‍ പൂവെങ്കിലും ..എങ്കിലീ യാത്ര ധന്യമായി.മുന്‍പേ നടന്ന പിതാക്കളോട്,തോളിലെടുത്ത മാതാക്കളോട്,വഴി കാട്ടിയ ഗുരുക്കളോട്,കൈ താങ്ങിയ സുഹൃത്തക്കളോട്…..ഹരിശ്രീ ചൊല്ലി ഞങ്ങള്‍ തുടങ്ങുകയാണ് .അനുഗ്രഹിക്കണേ ..

തിരകള്‍ മായ്ച്ചു കളഞ്ഞ കളിവീടുകള്‍ക്കും അപ്പുറം,നിലാവുകള്‍ നനഞ്ഞ സ്വപ്നങ്ങള്‍കും അപ്പുറം,ഞങ്ങള്‍ കാണുന്നൂ …ഒരു തരി വെട്ടം ..പ്രത്യാശയുടെ പൊന്‍തരിവെട്ടം… മലയാളത്തിന്‍റെ മണമുള്ള ആ സ്നേഹ തീരത്ത് നിങ്ങള്‍ക്കൊരു  ജീവന്‍റെ നേരു കാണാം …നേരിന്‍റെ നേര്‍കാഴ്ച  കാണാം….

www.nrimalayalee.co.uk