1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2011

കൊളംബിയയില്‍ 19 വയസുള്ള ഗര്‍ഭിണിയെ തട്ടിക്കൊണ്ടുപോയി വയറുകീറി ശിശുവിനെ കവര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ അറസ്റിലായി. വടക്കന്‍ പ്രവിശ്യയായ മാഗ്ദെലെന്റെ തലസ്ഥാനമായ സാന്റാ മാര്‍ത്തായ്ക്കടുത്താണു സംഭവം.

ആന്‍ഡ്രിയ കരോളിന പാല്ലാറെസ് എന്ന യുവതിയാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യത്തിനിരയായത്. ഏഴുമാസം ഗര്‍ഭിണിയായ ആന്‍ഡ്രിയയെ ആരോഗ്യപ്രവര്‍ത്തകയെന്നു പരിചയപ്പെടുത്തി ഒരു സ്ത്രീ സമീപിക്കുകയും ജനിക്കാനിരിക്കുന്ന ശിശുവിനെ പൊതുജനാരോഗ്യപരിപാടിയില്‍ ഉള്‍പ്പെടുത്താമെന്നു പറഞ്ഞുവിശ്വസിപ്പിക്കുകയും ചെയ്തു.

വാഹനത്തില്‍ നഗരത്തിനു പുറത്തുള്ള കാട്ടുപ്രദേശത്ത് ആന്‍ഡ്രിയയെ എത്തിച്ച സ്ത്രീ കൈയില്‍ കരുതിയ ഉപകരണങ്ങളുപയോഗിച്ചു വയറു കീറി കുട്ടിയെ കൈക്കലാക്കി കടന്നുകളയുകയായിരുന്നു. രക്തംവാര്‍ന്ന് അവശയായ ആന്‍ഡ്രിയ ഇഴഞ്ഞ് തൊട്ടടുത്ത ഹൈവേയിലെത്തി. ആന്‍ഡ്രിയയെ കണ്ട പരിസരവാസികള്‍ ആശുപത്രിയിലെത്തിച്ചു. കടുത്ത അണുബാധയുണ്ടായതിനെത്തുടര്‍ന്ന് ആന്‍ഡ്രിയയുടെ നില ഗുരുതരമായി തുടരുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റിലായ സ്ത്രീയില്‍നിന്നു കുഞ്ഞിനെ കണ്ടെടുത്തതായും കുഞ്ഞ് തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയാണെന്നും പോലീസ് അറിയിച്ചു.

കുഞ്ഞുമായി ആശുപത്രിയിലെത്തിയ സ്ത്രീയുടെ പെരുമാറ്റത്തില്‍ സംശയം തോന്നുകയും തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കുഞ്ഞ് ഈ സ്ത്രീ പ്രസവിച്ചതല്ലെന്ന് വ്യക്തമാകുകയും ചെയ്തു. പോലീസിന്റെ ചോദ്യംചെയ്യലില്‍ സ്ത്രീ കുറ്റം സമ്മതിച്ചു.

ഏതാനും മാസംമുമ്പ് താന്‍ ഗര്‍ഭിണിയായിരുന്നുവെന്നും എന്നാല്‍ ഭര്‍ത്താവിന്റെ പീഡനം കാരണം അലസിപ്പോയെന്നും കുട്ടിക്കുവേണ്ടിയുള്ള അതിയായ ആഗ്രഹത്താലാണ് ആന്‍ഡ്രിയയെ തട്ടിക്കൊണ്ടുപോയി ഗര്‍ഭസ്ഥശിശുവിനെ കവര്‍ന്നതെന്നും സ്ത്രീ സമ്മതിച്ചു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.