1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2012

ഫാസ്റ്റ് ഫുഡ് കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകള്‍ വഴി എന്തെല്ലാം സാധിക്കാം എന്ന് ചോദിച്ചാല്‍ കഴിക്കാം, സുഹൃത്തുക്കളും ഒന്നിച്ച് സൊറ പറയാം. തീര്‍ന്നു ലിസ്റ്റ്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍. ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകള്‍ വഴി മറ്റ് ചില കാര്യങ്ങളുണ്ട്. എന്താണന്നല്ലേ… ഫാസ്റ്റ് ഫുഡിനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത പത്ത് കാര്യങ്ങളിതാ

ഫാസ്റ്റ് ഫുഡിനെ കുറിച്ച് ഒരു ഡിഗ്രിയോ? ചിരിച്ച് തളളാന്‍ വരട്ടെ. അങ്ങനേയും ചില കാര്യങ്ങളുണ്ട്. കെഎഫ്‌സിയുടെ യുകെ റസ്റ്റോറന്റ് മാനേജര്‍മാരെല്ലാം കൂടി ചേര്‍ന്നാണ് ഫാസ്റ്റ്ഫുഡില്‍ ഒരു ബിഎ ബിരുദം നല്‍കാന്‍ തീരുമാനിച്ചത്. ലെസ്റ്ററിലെ ഡീ മോണ്ട്‌ഫോര്‍ട്ട് യൂണിവേഴ്‌സിറ്റിയാണ് കെഎഫ്‌സിയുടെ അപ്രന്റീസ്ഷിപ്പിനായി ഒരു ബിരുദ കോഴ്‌സ് തുടങ്ങുന്നത്. ഇത് ഒരു സ്‌പോണ്‍സേര്‍ഡ് ഡിഗ്രി പദ്ധതിയാണന്നും 2013 മുതല്‍ ഈ ഡിഗ്രി കോഴ്‌സിലേക്ക് പ്രവേശനം നല്‍കുമെന്നും ഡീ മോണ്ട്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍ ജാന്‍ വര്‍ത്ത് പറഞ്ഞു.

കെഎഫ്‌സിയുടെ സ്ഥാപകന്‍ കേണല്‍ ഹാര്‍ലാന്‍ഡ് സാന്‍ഡേഴ്‌സിന് കേണല്‍ പദവി എങ്ങനെ ലഭിച്ചു എന്ന് ചിന്തിച്ചിട്ടുണ്ടോ. പട്ടാളത്തിലെ സേവനത്തിന് നല്‍കിയ പദവിയല്ല ഈ കേണല്‍. ഹാര്‍ലാന്‍ഡ് സാന്‍ഡേഴ്‌സ് തന്റെ ആദ്യത്തെ റസ്റ്റോറന്റ് തുടങ്ങി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം പാചകരംഗത്ത് നല്‍കിയ സംഭാവനകളെ മാനിച്ച് 1936 ല്‍ കെന്റസ്‌കി ഗവര്‍ണര്‍ റൂബി ലാഫോണ്‍ കേണല്‍ പദവി നല്‍കി ആദരിക്കുകയായിരുന്നു.

ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റില്‍ വച്ച് വേണമെങ്കില്‍ വിവാഹവും കഴിക്കാം. അമേരിക്കയിലെ ടാകോ ബെല്‍ റസ്‌റ്റോറന്റിലും ഹോങ്കോങ്ങിലെ മക്‌ഡൊണാള്‍ഡിലും വിവാഹത്തിനുളള സൗകര്യം റസ്‌റ്റോറന്റില്‍ ഒരുക്കി തരും. വിവാഹം മാത്രമല്ല എന്‍ഗേജ്‌മെന്റ് പാര്‍ട്ടിക്കും ഇവര്‍ ആഥിഥേയത്വം വഹിക്കും. എന്നാല്‍ യുകെയിലെ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകളില്‍ വിവാഹം നടത്താനുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും റിസപ്ഷന്‍ നടത്താന്‍ സാധിക്കും. 2002ല്‍ ഫഌന്റ്‌ഷെയര്‍ സ്വദേശികളായ ജൂഡി ഫോക്‌സും ആന്‍ഡ്രൂ സ്മിത്തും അവരുടെ വിവാഹ റിസപ്ഷന്‍ മക്‌ഡൊണാള്‍ഡിന്റെ റസ്റ്റോറന്റില്‍ വച്ച് നടത്തിയിരുന്നു. മുപ്പത്തി മൂന്ന് അതിഥികള്‍ക്കായി വെറും 136.87 പൗണ്ടാണ് ചെലവായത്.

ലോകത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര മേഖലകളിലെ വന്‍കിട റസ്റ്റോറന്റുകളില്‍ പോയി ആയിരക്കണക്കിന് പൗണ്ട് ചെലവാക്കി ഭക്ഷണം കഴിക്കുകയും കാഴ്ചകള്‍ ആസ്വദിക്കുകയും ചെയ്യുന്നത് മറന്നേക്കൂ. ലോകത്തെ ചില ഫാസ്റ്റഫുഡ് സെന്ററുകളില്‍ പോയാല്‍ മനോഹരമായ കാഴ്ചകള്‍ കുറഞ്ഞചെലവില്‍ ആസ്വദിക്കാം. ഈജിപ്തിലെ മക്‌ഡൊണാള്‍ഡില്‍ പോയാല്‍ ലക്‌സോറിലെ ഗ്രേറ്റ് ടെമ്പിളിലെ കാഴ്ചകള്‍ ആസ്വദിച്ച് കൊണ്ട് ഭക്ഷണം കഴിക്കാവുന്നതാണ്. ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈം സ്‌ക്വയറിലെ കാഴ്ചകള്‍ കണ്ട് ഭക്ഷണം കഴിക്കാന്‍ സമീപത്തുളള കെഎഫ്‌സി ബാംഗില്‍ പോയാല്‍ മതി. ബര്‍ഗര്‍ കിംഗില്‍ നിന്ന് ഒരു ബര്‍ഗര്‍ കഴിച്ചാല്‍ നയാഗ്ര വെളളച്ചാട്ടത്തിന്റെ എല്ലാ മനോഹാരിതയും ആസ്വദിക്കുകയും ചെയ്യാം.

പ്രധാനപ്പെട്ട ഫാസ്റ്റ്ഫുഡ് റസ്റ്റോറന്റുകളുടെ ശ്യംഖല ലോകത്ത് എല്ലായിടത്തും ഉണ്ടെങ്കിലും അവിടെയെല്ലാം ഒരേ മെനുവാണന്ന് കരുതിയെങ്കില്‍ തെറ്റി. പ്രാദേശികമായ രുചികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഓരോ സ്ഥലത്തും ഫാസ്റ്റ്ഫുഡ് റസ്റ്റോറന്റുകള്‍ നടത്തുന്നത്. ഉദാഹരണമായി മക്‌ഡൊണാള്‍ഡിന്റെ സ്‌പെഷ്യല്‍ സീവീഡ് ഷാര്‍ക്കര്‍ ഫ്രൈ സിംഗപ്പൂരില്‍ മാത്രമേ ലഭിക്കു. മക്ആലൂ ടിക്കി ലഭിക്കണമെങ്കില്‍ ഇന്ത്യയിലെ ബര്‍ഗര്‍ കിംഗിന്റെ സ്‌പെഷ്യലാണ്. മൂട്ടയും ചോറു ചേര്‍ത്ത സ്‌പെഷ്യലുകള്‍ ഫിലിപ്പീന്‍സിലെ ലഭിക്കുകയുളളൂ.

ഫാസ്റ്റഫുഡ് താരതമ്യേന പുതുതലമുറയുടെ ഭക്ഷണമാണന്ന് കരുതിയെങ്കില്‍ തെറ്റി. ഏതാണ്ട് ഒരു നൂറ്റാണ്ടിലേറെയായി നാം ഫാസ്റ്റ്ഫുഡ് കഴിക്കുന്നു. ആദ്യത്തെ ബര്‍ഗര്‍ ശ്യംഖല കാന്‍സാസിലെ വൈറ്റ്കാസിലാണ്. 1921ലാണ് ഇത് പ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നീട് 1930ലാണ് ഹാര്‍ലാന്‍ഡ് സാന്‍ഡേഴ്‌സ് ആദ്യത്തെ ഫ്രൈഡ് ചിക്കന്‍ റസ്റ്റോറന്റ് ആരംഭിക്കുന്നത്. ഇതാണ് പിന്നീട് കെഎഫ്‌സി എന്ന പേരില്‍ ലോക പ്രശസ്ത ഫാസ്റ്റ്ഫുഡ് ബ്രാന്‍ഡായത്. മക്‌ഡൊണാള്‍ഡ് 1948ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ബര്‍ഗര്‍ കിംഗ് ആകട്ടെ 1954ലും.

ചില ഫാസ്റ്റഫുഡ് വിഭവങ്ങള്‍ എല്ലാം ജനങ്ങള്‍ അതേപടി സ്വീകരിക്കണമെന്നില്ല. ഇത്തരത്തില്‍ പരാജയപ്പെട്ട നിരവധി വിഭവങ്ങളുണ്ട്. 1980ല്‍ പുറത്തിറക്കിയ മക്പിസ്സ ഇത്തരത്തില്‍ പരാജയത്തിന്റെ രുചി അറിഞ്ഞ വിഭവമാണ്. ബര്‍ഗര്‍ കിംഗിന്റെ ഷേക്ക് ദം അപ്പ് ഫ്രൈസ് , ഇസ്രായേലിലെ മക്ഫലാഫെല്‍ എന്നിവയും ഇത്തരത്തില്‍ പരാജയപ്പെട്ട വിഭവങ്ങളാണ്.

ലോകത്തെവിടെ ചെന്നാലും അവിടെ പ്രധാനപ്പെട്ട ഫാസ്റ്റ്ഫുഡ് റസ്റ്റോറന്റുകളുടെ ഒരു ശാഖയെങ്കിലും ഉണ്ടാകാതിരിക്കില്ല. സബ്‌വേ, മക്‌ഡൊണ്ാള്‍ഡ്, കെഎഫ്‌സി എന്നിവയ്ക്കായി ലോകമെമ്പാടുമായി 67,000 റസ്റ്റോറന്റുകള്‍ ഉളളതായാണ് കണക്ക്. അടുത്തിടെ ടൂര്‍ഡസ്റ്റ് ബ്ലോഗ് നടത്തിയ ഒരു കണക്കെടുപ്പില്‍ മക്‌ഡൊണാള്‍ഡ് ഇല്ലാ്ത്ത രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിരുന്നു. അതില്‍ ഖസാക്കിസ്ഥാന്‍, ബാര്‍ബഡോസ്, നോര്‍ത്ത് കൊറിയ എന്നിവ ഉള്‍പ്പെടും. എന്നാല്‍ അടുത്ത വര്‍ഷം കെഎഫ്‌സി നോര്‍ത്ത് കൊറിയയില്‍ തങ്ങളുടെ ബ്രാഞ്ച് തുടങ്ങാന്‍ പോകുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

2007ല്‍ അബുദാബിയിലെ ഒരു ഡയബറ്റിക് സെന്റര്‍ സന്ദര്‍ശിക്കവേ ചാള്‍സ് രാജകുമാരന്‍ മക്‌ഡൊണാള്‍ഡ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജകുടുംബം തങ്ങളുടെ സ്ഥിരം കസ്റ്റമേഴ്‌സ് ആണന്നിരിക്കേ ചാള്‍സ് രാജകുമാരന്റെ പ്രസ്താവന തങ്ങളെ തീര്‍ത്തും നിരാശപ്പെടു്ത്തിയെന്ന് മക്‌ഡൊണാള്‍ഡ് പ്രതികരിച്ചു. ചെറുപ്പത്തില്‍ എലിസബത്ത് രാജ്ഞിക്കൊപ്പം ചാള്‍സ് രാജകുമാരന്‍ സ്ഥിരമായി മക്‌ഡൊണാള്‍ഡ് സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്ന് അന്ന് പത്രങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചാള്‍സ് രാജകുമാരന്റെ മക്കളായ വില്യമും ഹാരിയും സ്ഥിരമായി മക്‌ഡൊണാള്‍ഡില്‍ നി്ന്ന് ഭക്ഷണം കഴിക്കുന്നവരാണ്.

ലോകമെമ്പാടുമുളള ബര്‍ഗര്‍ കിംഗ്, മക്‌ഡൊണാള്‍ഡ്, കെഎഫ്‌സി ശാഖകളില്‍ നിന്നായി ഒരു ദിവസം 83 മില്യണ്‍ ആളുകളാണ് ഭക്ഷണം കഴിക്കുന്നത്. ഇത് കൂടാതെ സബ്‌വേയുടെ ലോകമെമ്പാടുമുളള 37,199 റസ്റ്റോറന്റുകളില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകള്‍ ഭക്ഷണം കഴിക്കുന്നുണ്ട്. ഇവരെ കൂടാതെ വെന്‍ഡീസ്, പിസ്സാഹട്ട് തുടങ്ങിയ പ്രശസ്ത ഫാസ്റ്റ്ഫുഡ് റസ്റ്റോറന്റില്‍ എത്തുന്നവരുടെ കണക്കുകള്‍ കൂടി എടുത്താല്‍ ആളുകളുടെ എണ്ണം ഇതിലും ഉയരും. കുറഞ്ഞ ചെലവില്‍ വളരെ വേഗം കിട്ടുന്ന അനൗദ്യോഗിക ഭക്ഷണമെന്ന് വേണമെങ്കില്‍ ഫാസ്റ്റ് ഫുഡുകള്‍ക്കൊരു നിര്‍വചനം നല്‍കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.