1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2018

Appachan Kannanchira (ലണ്ടന്‍): ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ എട്ടു റീജണുകളിലായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവും, സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചനും സോജി അച്ചനും സംയുക്തമായി നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നാളെ ലണ്ടനില്‍ സമാപിക്കും. നവംബര്‍ നാലിന് ഞായറാഴ്ച ലണ്ടനിലെ ഹാരോ ലെഷര്‍ സെന്ററില്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകളുടെ സമാപന ശുശ്രുഷ നടത്തപ്പെടുമ്പോള്‍ വെസ്റ്റ്മിന്‍സ്റ്റര്‍, ബ്രെന്‍ഡ്‌വുഡ്, സൗത്താര്‍ക്ക് ചാപ്ലൈന്‍സികളുടെ പരിധിയിലും മറ്റുമായിട്ടുള്ള എല്ലാ കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നും എത്തുന്ന ആയിരങ്ങളോടൊപ്പം മറ്റു റീജണല്‍ കണ്‍വെന്‍ഷനുകളില്‍ പങ്കു ചേരുവാന്‍ വിവിധ കാരണങ്ങളാല്‍ സാധിക്കാതെ 

പോയവര്‍ക്കും ഇത് അവസാന അവസരമാവും പ്രദാനം ചെയ്യുക.

മാര്‍ സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന ആഘോഷമായ സമൂഹ വിശുദ്ധ ബലിയില്‍ നിരവധി വൈദികരുടെ സഹകാര്‍മ്മികത്വവും, മികവുറ്റ ഗാന ശുശ്രുഷകര്‍ സ്വര്‍ഗ്ഗീയാനന്ദം വിതറുന്ന ഗാന ശുശ്രുഷയും ഉള്‍ക്കൊള്ളുന്ന ഏറ്റവും അനുഗ്രഹ ദായകമായ ഞായറാഴ്ച കുര്‍ബ്ബാന കൂടുവാനുള്ള സുവര്‍ണ്ണാവസരം ആവും ഹാരോയില്‍ ലഭിക്കുക.

പ്രായാടിസ്ഥാനത്തില്‍ രണ്ടു വിഭാഗങ്ങളായി തിരിച്ചുകൊണ്ടു കുട്ടികള്‍ക്കായുള്ള പ്രത്യേക ശുശ്രുഷകള്‍ സെഹിയോന്‍ യു കെ യുടെ ഡയറക്ടര്‍ സോജി അച്ചന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നതാണ്. രക്ഷകര്‍ത്താക്കള്‍ കുട്ടികളെ അവര്‍ക്കായി ഒരുക്കിയിരിക്കുന്ന ശുശ്രുഷാ വേദിയിലേക്ക് പാക്ക് ലഞ്ചുമായി എത്തിക്കുകയും സമാപനത്തില്‍ കൂട്ടുകയും ചെയ്യേണ്ടതാണ്.

രാവിലെ 9:00 നു ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ ശുശ്രുഷകള്‍ വൈകുന്നേരം 5:00 മണിക്ക് സമാപിക്കും. തിരുവചന ശുശ്രുഷ പൂര്‍ണ്ണമായി അനുഭവം ആകുവാന്‍ വിപുലമായ സജ്ജീകരണങ്ങളോടുകൂടിയ വിസ്തൃതമായ ഹാളില്‍ തത്സമയ സംപ്രേഷണം ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നതുമാണ്.

ലണ്ടനിലെ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ഉപവാസ ശുശ്രുഷയായി നടത്തപ്പെടുന്നതിനാല്‍ ഭക്ഷണം ആവശ്യം ഉള്ളവര്‍ തങ്ങളുടെ കൈവശം പാക് ലഞ്ച് കരുതേണ്ടതാണ്.

കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് വാഹനങ്ങളില്‍എത്തുന്നവര്‍ ഹാരോ ലെഷര്‍ സെന്റര്‍ പാര്‍ക്കിങിലോ, സമീപത്തുള്ള കൗണ്‍സില്‍ കാര്‍ പാര്‍ക്കിലോ വ്യവസ്ഥകള്‍ പാലിച്ചു പാര്‍ക്ക് ചെയ്യാവുന്നതാണ്.

ബസ്സുകളില്‍ വരുന്നവര്‍ക്ക് H9, H10 ബസ്സുകള്‍ പിടിച്ചാല്‍ ലെഷര്‍ സെന്ററിന്റെ മുന്നില്‍ വന്നിറങ്ങാവുന്നതാണ്. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടുപയോഗിച്ച് ഹാരോയില്‍ വന്നിറങ്ങുന്നവര്‍ അറ്റാച്ഡ് റൂട്ട് മാപ് ഉപയോഗിക്കുവാന്‍ താല്പര്യപ്പെടുന്നു.

തിരുവചനത്തിലായിരിക്കുവാനും, ഈശ്വര സാന്നിദ്ധ്യം അനുഭവിക്കുവാനും പരിശുദ്ധാല്മാവ് സമ്മാനമായി നല്‍കുന്ന ഈ നല്ല അവസരം പ്രയോജനപ്പെടുത്തുവാനും, വരദാനങ്ങളും, അത്ഭുത രോഗ ശാന്തികളും കരസ്തമാക്കുവാനും പ്രയോജനകരമായ ബൈബിള്‍ കണ്‍വെന്‍ഷനിലേക്കു ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി മോണ്‍സിഞ്ഞോര്‍ ഫാ.തോമസ് പാറയടിയില്‍, കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം, ചാപ്ലൈന്മാരായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ ഹാന്‍സ് പുതിയകുളങ്ങര എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഷാജി വാട്‌ഫോര്‍ഡ് : 07737702264;
തോമസ് ആന്റണി: 07903867625
ജോമോന്‍ ഹെയര്‍ഫീല്‍ഡ്:07804691069

Harrow Leisure Cetnre, Christchurch Avenue,
Harrow, HA3 5BD

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.