1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2019

സജീഷ് ടോം (മാഞ്ചസ്റ്റര്‍): ജനുവരി 19ന് മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയിലെ പ്രസിദ്ധമായ ഫോറം സെന്ററില്‍ വച്ച് നടക്കുന്ന നാലാമത് യുക്മ ഫാമിലി ഫെസ്റ്റിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഒന്‍പത് ദിവസം കൂടി പിന്നിടുമ്പോള്‍ നടക്കുന്ന യുക്മ ഫാമിലി ഫെസ്റ്റിന് കലാ പരിപാടികള്‍ അവതരിപ്പിക്കുന്ന കുട്ടികളും, മുതിര്‍ന്നവരുമായ കലാകാരന്‍മാര്‍ വലിയ ആവേശത്തിലാണ്.

യുക്മ പ്രസിഡന്റ് ശ്രീ.മാമ്മന്‍ ഫിലിപ്പ് നേതൃത്വം നല്‍കുന്ന ദേശീയ കമ്മിറ്റിയുടെ അവസാനത്തെ പരിപാടി ഏറ്റവും ഭംഗിയും മികച്ചതുമാക്കാന്‍ ദേശീയ റീജിയണ്‍ കമ്മിറ്റികള്‍ ഒറ്റക്കെട്ടായി പരിശ്രമിക്കുകയാണ്. യുക്മയുടെ ചരിത്രത്തിലാദ്യമായി നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് യുക്മ ഫാമിലി ഫെസ്റ്റ് ഇത്തവണ അരങ്ങേറുന്നത്. ഫോറം സെന്റര്‍ ഇന്നേവരെ ദര്‍ശിച്ചിട്ടില്ലാത്തതും, മലയാളികള്‍ സംഘടിപ്പിക്കുന്നതുമായ പരിപാടിയായിരിക്കും യുക്മ ഫാമിലി ഫെസ്റ്റ് 2019.

വേദി പരമാവധി ഉള്‍ക്കൊള്ളുന്ന വിധത്തില്‍ എല്‍.ഇ.ഡി വാളിന്റെ സഹായത്തോടെ 10000 വാട്ട് സൗണ്ടും ലൈറ്റും ഉള്‍പ്പെടെ കാണികള്‍ക്കായി ഉഗ്രന്‍ കലാവിരുന്നൊരുക്കുകയാണ് യുക്മ. മാഞ്ചസ്റ്ററില്‍ വച്ച് ഇതുവരെ സംഘടിപ്പിച്ചതില്‍ വച്ചേറ്റവും വലിയ യുക്മയുടെ പരിപാടി കൂടിയായിരിക്കും യുക്മ ഫാമിലി ഫെസ്റ്റ്. കളര്‍ മീഡിയാ ലണ്ടന്‍ എല്‍.ഇ.ഡി വാള്‍ ക്രമീകരിക്കുമ്പോള്‍ ജാസ് സൗണ്ട്‌സ് ശബ്ദവും വെളിച്ചവും നല്‍കി പരിപാടികള്‍ക്ക് പൂര്‍ണതയേകും.

രാധേഷ് നായരുടെ നേതൃത്വത്തില്‍ ജനേഷ് നായര്‍, ഹരികുമാര്‍.കെ.വി, സാജു കാവുങ്ങ, സനില്‍ ജോണ്‍, ബൈജു മാത്യു, വിനോദ് കുമാര്‍, സജി നായര്‍, മഹേഷ് വളപ്പില്‍, രാജു മുത്തുസ്വാമി, മനോജ് തുടങ്ങിയവരുള്‍പ്പെടുന്ന മാഞ്ചസ്റ്റര്‍ മേളം നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ മുന്നില്‍ ചെണ്ടകൊട്ടുമ്പോള്‍, നാട്ടിലെ ഉത്സവ പറമ്പിലെ പകല്‍പൂരത്തിന്റെ ഓര്‍മകളിലേക്ക് നമ്മെ കൊണ്ടെത്തിക്കും.

കവന്‍ട്രി കേരള കമ്യൂണിറ്റിയുടെ പെണ്‍കുട്ടികള്‍ ബോളിവുഡ് ഡാന്‍സുമായി വേദിയിലെത്തും. യുക്മ കലാമേളകള്‍ തുടങ്ങി നിരവധി വേദികളില്‍ സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടിയ അവരുടെ ഡാന്‍സ് കാണികളുടെ മനം കവരും.എലിസാ മാത്യു, ആന്‍ഡ്രിയ ജോയ്, ലിയോണ സാബു, റീത്താ ജോയ്, മരിയ റോബിന്‍, ഹന്ന ജോസ് എന്നിവരാണ് സി.കെ.സിയില്‍ നിന്നും വേദിയിലെത്തുന്നത്.

പത്ത് വര്‍ഷക്കാലമായി നാടക രംഗത്ത് പ്രവര്‍ത്തിക്കുന്നതും നിരവധി വേദികളില്‍ നാടകങ്ങള്‍ അവതരിപ്പിച്ച് പ്രശസ്തരായ ട്രാഫോര്‍ഡ് നാടക സമിതിയുടെ ഏറ്റവും പുതിയ നാടകമാണ് സിഗററ്റ് കൂട്. കേരളത്തിലെ നിലവിലെ സാമൂഹ്യ പശ്ചാത്തലത്തെ ആസ്പദമാക്കി ഡോ.സിബി വേകത്താനം രചനയും സംവിധാനവും നിര്‍വ്വഹിച്ചിട്ടുള്ള നാടകം അണിയറയില്‍ ഒരുങ്ങി വരുന്നു. ഡോ. സിബിയെ കൂടാതെ ചാക്കോ ലൂക്ക്, അഷാ ഷിജു, ലിജോ ജോണ്‍, മാത്യു ചുമ്മാര്‍ ചമ്പക്കര, ബിജു കുര്യന്‍, ഉണ്ണികൃഷ്ണന്‍, ഡോണി ജോണ്‍ എന്നിവരാണ് രംഗത്തെത്തുന്നത്. യുകെയിലെ മലയാളികള്‍ക്ക് അപൂര്‍വ്വമായി മാത്രം ആസ്വദിക്കാന്‍ കഴിയുന്ന നാടകം കാണാനുള്ള അവസരം നഷ്ടപ്പെടുത്താതിരിക്കാന്‍ ഓര്‍മിപ്പിക്കുന്നു.

ജനുവരി 19ന് നറുക്കെടുപ്പ് നടത്തുന്ന യുക്മ യുഗ്രാന്റ് ടിക്കറ്റുകള്‍ എടുത്ത് യുക്മയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങില്‍ പങ്കാളികളാവാനും, ഭാഗ്യപരീക്ഷണവും നടത്താം. സമ്മാനങ്ങളായി നിങ്ങളെ കാത്തിരിക്കുന്നത് കാറും സ്വര്‍ണ്ണ നാണയങ്ങളമാണ്.

യുക്മ യൂത്ത് അക്കാദമിക് അവാര്‍ഡിന് ജി.സി.എസ്.ഇ, എ ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഇനിയും അപേക്ഷ അയക്കാത്ത കുട്ടികള്‍ എത്രയും വേഗം അപേക്ഷകള്‍ അയക്കണമെന്ന് ഡോ.ബിജു പെരിങ്ങത്തറ, ഡോ. ദീപാ ജേക്കബ് എന്നിവര്‍ അറിയിച്ചു.

ഇനിയും നിരവധി പരിപാടികള്‍ അടുത്ത ദിവസങ്ങളില്‍ നിങ്ങളെ പരിചയപ്പെടുത്താം. അങ്ങനെ എല്ലാം കൊണ്ടും അവിസ്മരണീയവും പ്രവാസ ജീവിതത്തിന്റെ വീര്‍പ്പുമുട്ടലില്‍ നിന്നും തികച്ചും സൗജന്യമായി മനസ്സിനെ സന്തോഷത്തിലെത്തിക്കാന്‍ യുക്മ ഒരുക്കുന്ന വലിയ സംരംഭത്തിലേക്ക് യുകെയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും യുക്മ നാഷണല്‍ കമ്മിറ്റി സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി റോജിമോന്‍ വറുഗീസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
അലക്‌സ് വര്‍ഗ്ഗീസ് (ജനറല്‍ കണ്‍വീനര്‍) 07985641921
ഷീജോ വര്‍ഗീസ് 07852931287

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.