1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2019

കുര്യൻ ജോർജ്ജ്  (സാംസ്ക്കാരികവേദി കോർഡിനേറ്റർ): പത്താം വാർഷികം ആഘോഷിക്കുന്ന യുക്മക്ക് വേണ്ടി, യുക്മാ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ ദേശീയ തലത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിക്കപ്പെടുന്നു. യു കെ മലയാളികൾക്ക് വേണ്ടി, സംഘടനാ വ്യത്യാസമില്ലാതെ സംഘടിപ്പിക്കുന്ന ഈ മത്സരത്തിലേക്ക്, നിശ്ചിത പ്രായപരിധിയിൽ വരുന്ന, യു കെ യിൽ താമസിക്കുന്ന ഏതൊരു മലയാളിക്കും പങ്കെടുക്കാവുന്നതാണെന്ന് ചിത്രരചനാ മത്സര വിവിരങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് യുക്മ സാംസ്ക്കാരികവേദി വൈസ് ചെയർമാൻ ജോയി ആഗസ്തി പറഞ്ഞു.

സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ നടത്തപ്പെടുക. യുക്മാ കലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധികള്‍ തന്നെയാണ് ചിത്ര രചനാ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും നിശ്ചയിച്ചിട്ടുള്ളത്. എട്ട് വയസ്സിനും പന്ത്രണ്ട് വയസ്സിനുമിടയിൽ പ്രായമുള്ളവർ സബ് ജൂനിയേർസ് വിഭാഗത്തിലും, പന്ത്രണ്ട് വയസ്സിനും പതിനേഴ് വയസ്സിനുമിടയിൽ വരുന്നവർ ജൂനിയർ വിഭാഗത്തിലും, പതിനേഴ് വയസ്സിന് മുകളിലുള്ളവർ സീനിയേഴ്‌സ് വിഭാഗത്തിലുമാണ് മത്സരിക്കുന്നത്. സെപ്റ്റംബർ 2019 അടിസ്ഥാനപ്പെടുത്തിയാണ് പ്രായം നിശ്ചയിക്കുന്നത്. മത്സരങ്ങൾക്ക് സ്ത്രീ പുരുഷ വ്യത്യാസം ഉണ്ടായിരിക്കുന്നതല്ല.

രണ്ട് ഘട്ടങ്ങളായാണ് മത്സരങ്ങൾ നടക്കുക. ഒന്നാംഘട്ട മത്സരം അതാത് റീജിയണുകളിൽ നടത്തപ്പെടുന്ന യുക്മ കലാമേളയോട് അനുബന്ധിച്ചായിരിക്കും സംഘടിപ്പിക്കുക. പ്രസ്തുത മത്സരങ്ങളിൽ ഓരോ കാറ്റഗറിയില്‍ നിന്നും മൂന്ന് പേര്‍ വീതം ഫൈനല്‍ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതാണ്. ഫൈനല്‍ മത്സരം മാഞ്ചസ്റ്ററില്‍ വച്ച് നടക്കുന്ന യുക്മ നാഷണല്‍ കലാമേളയോടനുബന്ധിച്ചായിരിക്കും സംഘടിപ്പിക്കുക. മത്സരങ്ങള്‍ക്കുള്ള വിഷയം മത്സര ഹാളില്‍ വച്ച് നൽകുന്നതാണ്. ചിത്രം വരക്കാനുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കുന്നതായിരിക്കും. എന്നാല്‍ രചനക്കാവശ്യമായ മറ്റ് വസ്തുക്കള്‍ മത്സരാര്‍ത്ഥികള്‍ സ്വന്തമായി കൊണ്ടുവരേണ്ടതാണ്. ചിത്രം വരക്കുന്നതിന് ഏത് മാധ്യമവും മത്സരാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

ഒരു മണിക്കൂര്‍ ആയിരിക്കും രചനക്കുള്ള സമയം. മത്സരാര്‍ത്ഥികള്‍ രാവിലെ 9.15 ന് മത്സര ഹാളില്‍ എത്തേണ്ടതാണ്. 9.30 ന് മത്സരം ആരംഭിക്കുന്നതായിരിക്കും. യുക്മ റീജിയണൽ കലാമേളകളോട് അനുബന്ധിച്ചായിരിക്കും മേഖലാതല മത്സരങ്ങൾ നടക്കുക. ഒക്ടോബര്‍ പന്ത്രണ്ടാം തീയ്യതി നോര്‍ത്ത് വെസ്റ്റ് റീജിയൺ മത്സരങ്ങള്‍ ബോള്‍ട്ടനിലും സൗത്ത് ഈസ്റ്റ് റീജിയണൽ മത്സരങ്ങള്‍ റെഡിങ്ങിലും വച്ച് നടത്തപ്പെടുന്നതാണ്. ഒക്ടോബര്‍ ഇരുപത്തിയാറാം തീയ്യതി ഈസ്റ്റ് ആംഗ്ലിയ റീജിയൺ മത്സരങ്ങള്‍ ബാസില്‍ഡണിലും, ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൺ മത്സരങ്ങള്‍ ബര്‍മിംഗ്ഹാമിലും, യോര്‍ക്ക് ഷയര്‍ ആന്റ് ഹംബര്‍ റീജിയൺ മത്സരങ്ങള്‍ ഹള്ളിലും, സൗത്ത് വെസ്റ്റ് റീജിയൺ മത്സരങ്ങൾ ഓക്സ്ഫോർഡിലും വച്ച് നടത്തപ്പെടുന്നതാണ്.

യുക്മ സാംസ്ക്കാരികവേദി സംഘടിപ്പിക്കുന്ന ചിത്രരചന മത്സരത്തിൽ കഴിവും അഭിരുചിയുമുള്ള എല്ലാവരും സജീവമായി പങ്കെടുത്തും, മറ്റുള്ളവരെ പങ്കെടുക്കുവാൻ പ്രോത്സാഹിപ്പിച്ചും ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, സാംസ്ക്കാരികവേദി രക്ഷാധികാരി സി എ ജോസഫ്, സാംസ്ക്കാരികവേദി ജനറൽ കൺവീനർമാരായ തോമസ് മാറാട്ടുകളം, ജെയ്‌സൺ ജോർജ്ജ് എന്നിവർ അഭ്യർത്ഥിച്ചു.

മത്സരങ്ങളുടെ ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്ക്കാരികവേദി കലാവിഭാഗം കൺവീനർ ജിജി വിക്റ്റർ (07450465452), സാംസ്ക്കാരികവേദി ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്ജ് (07877348602), സാംസ്ക്കാരികവേദി വൈസ് ചെയർമാൻ ജോയി ആഗസ്തി (07979188391) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. റീജിയണല്‍ മത്സരങ്ങള്‍ നടത്തപ്പെടുന്ന സ്ഥലത്തിന്റെ അഡ്രസ്സ് മാധ്യമങ്ങളിലൂടെ അറിയിക്കുന്നതായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.