1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2018

സജീഷ് ടോം (യുക്മ പി ആര്‍ ഒ, മാഞ്ചസ്റ്റര്‍): നാലാമത് യുക്മ ദേശീയ കുടുംബ സംഗമം ജനുവരി 19 ശനിയാഴ്ച മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ വിഥിന്‍ഷോ ഫോറം സെന്റ്‌ററില്‍ നടക്കും.2016, 2017, 2018 വര്‍ഷങ്ങളിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കി നല്‍കുന്ന അവാര്‍ഡ് നൈറ്റാണ് ഇത്തവണത്തെ യുക്മ ഫെസ്റ്റിലെ ഒരു മുഖ്യ പരിപാടി. മികച്ച റീജിയനുകള്‍ക്കും അസോസിയേഷനുകള്‍ക്കും വ്യക്തിഗത അവാര്‍ഡുകള്‍ക്കുമൊപ്പം ഈ വര്‍ഷം ജി.സി.എസ്.ഇ, എ ലെവല്‍ തുടങ്ങിയ പരീക്ഷകളിലെ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കായി യുക്മ യൂത്ത് ഏര്‍പ്പെടുത്തിയ അവാര്‍ഡുകളും സമൂഹത്തില്‍ മികവാര്‍ന്നതും അംഗീകാരം നേടിയവരുമായരെയും ഈ വര്‍ഷം അവാര്‍ഡിന് പരിഗണിക്കുമെന്ന് യുക്മ നാഷണല്‍ കമ്മിറ്റി അറിയിച്ചു.

പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് നേതൃത്വം നല്‍കുന്ന ദേശീയ കമ്മറ്റിയുടെ അവസാനത്തെ പൊതുപരിപാടിയായ ‘യുക്മ ഫാമിലി ഫെസ്റ്റ് 2019 ‘, കഴിഞ്ഞ യുക്മ ഫെസ്റ്റ് 2016ല്‍ നടന്നതിന് ശേഷം യുക്മയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന എല്ലാ യുക്മ കുടുംബാംഗങ്ങളും ഒത്തുചേരുന്ന ആകര്‍ഷകമായ മുഴുദിന പരിപാടിയായിട്ടാണ് ഫാമിലി ഫെസ്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്.

മികച്ച യുക്മ റീജിയണുകള്‍, 120 അംഗ അസോസിയേഷനുകളില്‍ നിന്നുള്ള കേമന്മാരായ അസോസിയേഷനുകള്‍, എ ലെവല്‍, ജി.സി.എസ്.ഇ തുടങ്ങിയ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മിടുക്കരായ മലയാളി വിദ്യാര്‍ത്ഥികള്‍, യു കെ പൊതു സമൂഹത്തിലെ ശ്രദ്ധേയരായ വ്യക്തികള്‍ തുടങ്ങി നിരവധി പ്രതിഭകളെ ആദരിക്കാനുള്ള വേദി കൂടിയാകും യുക്മ ഫെസ്റ്റ് 2019. യുക്മ കലാമേളകളിലെ വിജയികളുടെ കലാപ്രകടനങ്ങള്‍, മാജിക് ഷോ, നാടകം, കോമഡി, കീബോര്‍ഡ് മാജിക് എന്നിങ്ങനെ നിരവധിയായ കലാപരിപാടികള്‍ യുക്മ ഫെസ്റ്റിന് മാറ്റുകൂട്ടും.

വിഥിന്‍ഷോ ഫോറം സെന്ററില്‍ രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ യുക്മ ദേശീയ റീജിയണല്‍ ഭാരവാഹികളും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം ഇടവേളകളില്ലാതെ അവാര്‍ഡ് ദാനങ്ങളും, കലാപരിപാടികളുമായി രാത്രി 10 മണിവരെ നീളുന്ന നോണ്‍ സ്റ്റോപ്പ് പ്രോഗ്രാമുകള്‍ മാഞ്ചസ്റ്റര്‍ കണ്ടിട്ടുള്ളതില്‍വച്ചു ഏറ്റവും ആകര്‍ഷകമായ മലയാളി പരിപാടികളില്‍ ഒന്നായി യുക്മ ദേശീയ കുടുംബ സംഗമത്തെ മാറ്റും എന്നതില്‍ സംശയമില്ല.

യുക്മയുടെ മെഗാ സമ്മാന പദ്ധതിയായ യുഗ്രാന്റ് ലോട്ടറിയുടെ നറുക്കെടുപ്പും യുക്മ ഫെസ്റ്റ് വേദിയില്‍ നടക്കും. യുകെയിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് സ്‌പോണ്‍സര്‍ ചെയ്യുന്ന ബ്രാന്‍ഡ് ന്യൂ ടൊയോട്ടാ ഐഗോയുടെയും 30 ഗ്രാം സ്വര്‍ണനാണയങ്ങളുടെയും അവകാശികളെ കണ്ടെത്തുന്നതും യുക്മ ഫെസ്റ്റിന്റെ വേദിയില്‍ വച്ച് ആയിരിക്കും.

ദേശീയ യുക്മ ഫെസ്റ്റ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി ജനറല്‍ കണ്‍വീനര്‍ അലക്‌സ് വര്‍ഗീസുമായി ബന്ധപ്പെടേണ്ടതാണ് (07985641921). യുക്മ ഫെസ്റ്റിന്റെ വിജയത്തിനായി എല്ലാ യു കെ മലയാളികളുടെയും സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് യുക്മ ദേശീയ കമ്മറ്റി അഭ്യര്‍ത്ഥിച്ചു.

യുക്മ അവാര്‍ഡിനുള്ള പരിഗണനകള്‍ സംബന്ധിച്ച വിവരങ്ങള്‍ യുക്മ സെക്രട്ടറി ഇ മെയില്‍ മുഖേന റീജിയണല്‍, അസോസിയേഷന്‍ നേതൃത്വത്തെ അറിയിക്കുന്നതാണ്.

യുക്മ അവാര്‍ഡിനുള്ള പരിഗണനകള്‍ താഴെ പറയുന്ന ഇമെയിലിലേക്ക് അയക്കേണ്ടതാണ്
uukmafestawards@gmail.com

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.