1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2010

ആരോടാണ് മാധ്യമങ്ങള്‍ പ്രതിബദ്ധത പുലര്‍ത്തേണ്ടത് ?  ജനങ്ങളോടോ, അതോ തങ്ങള്‍ക്കു കച്ചവടം തരുന്നവരോടോ ? ആരുടെ താല്‍പര്യങ്ങള്‍ ആണ് മാധ്യമങ്ങള്‍ സംരക്ഷിക്കേണ്ടത് ?
വായനക്കാരുടെയോ അതോ പരസ്യം തരുന്നവരുടെയോ ? സമീപകാലത്ത് പല വട്ടം ഈ വെബ്‌ സൈറ്റിലൂടെ ഞങ്ങള്‍ ഉയര്‍ത്തിയിട്ടുള്ള ഒരു ചോദ്യമാണിത്. ലണ്ടനിലുള്ള ഒരു മലയാളി ട്രാവല്‍ ഏജന്‍സി സാമ്പത്തികമായി തകര്‍ന്നു എന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ ഈ ചോദ്യം വീണ്ടും പ്രസക്തമാവുകയാണ്. വിശുദ്ധ പശുക്കള്‍ ആണെന്ന് ഭാവിക്കുന്ന മാധ്യമങ്ങള്‍ തന്നെയാണ് പലപ്പോഴും  പാവം വായനക്കാരനില്‍ നിന്നും സത്യം മറച്ചു വയ്ക്കുന്നത്.

പണ്ട് നാട്ടില്‍ നടന്ന ഒരു വലിയ തട്ടിപ്പ് നമ്മളില്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും.ആടു കൃഷി,മാഞ്ചിയം കൃഷി എന്നിവ വഴി വന്‍ ലാഭമുണ്ടാക്കാം എന്ന പരസ്യം കേരളത്തിലെ
മുന്‍ നിര പത്രങ്ങളില്‍ നല്‍കി കോടിക്കണക്കിനു രൂപ കേരളത്തിലെ സാധാരണക്കാരില്‍ നിന്നും അടിച്ചു മാറ്റിയതായിരുന്നു ആ തട്ടിപ്പ്.തങ്ങളുടെ പത്രത്തില്‍ ഫുള്‍ പേജ് പരസ്യത്തിന് തട്ടിപ്പുകാരില്‍ നിന്നും പണം വാങ്ങിയ കേരളത്തിലെ മുന്‍ നിര പത്രങ്ങള്‍ ഈ പരസ്യത്തില്‍ നല്‍കുന്ന കാര്യങ്ങളില്‍ എന്തെങ്കിലും വിശ്വാസ്യതയുണ്ടോ എന്ന് അന്വേഷിക്കാന്‍ സൌകര്യപൂര്‍വ്വം മെനക്കെട്ടില്ല.ഒടുവില്‍ തട്ടിപ്പ് പുറത്തായപ്പോള്‍ പ്രധാനപേജില്‍ വാര്‍ത്ത നല്‍കാനുള്ള ‘മാധ്യമ മര്യാദ’ ഇക്കൂട്ടര്‍ കാണിച്ചു.ലാഭം ഫുള്‍ പേജ് പരസ്യം കിട്ടിയ പത്രക്കാരനും കോടികള്‍ അടിച്ചു മാറ്റിയ തട്ടിപ്പുകാരനും.നഷ്ടമോ പാവം ജനങ്ങള്‍ക്കും.

അടുത്ത കാലത്ത്  റിയാലിറ്റി ഷോയില്‍  സമ്മാനം കിട്ടിയ അന്ധകുടുംബത്തിന്‍റെ കണ്ണീര്‍ കഥ പ്രസിദ്ധീകരിക്കാതിരുന്നത് വഴി  മാധ്യമങ്ങളുടെ തനിനിറം വീണ്ടും പുറത്തായി.അവരുടെ ആരോപണത്തില്‍ വിശ്വാസ്യത ഇല്ലാത്തതു കൊണ്ടാണ് പ്രസിദ്ധീകരിക്കാത്തത്
എന്ന ന്യായമാണ് കേരളത്തിലെ പത്ര വല്യേട്ടന്മാര്‍ പറഞ്ഞത്. ISRO  ചാരക്കേസ് പരമ്പരയാക്കി പത്രത്തിന്‍റെ സര്‍ക്കുലേഷന്‍ ലക്ഷങ്ങള്‍ വര്‍ധിപ്പിച്ച  പത്ര മുതലാളിമാര്‍ എന്തുകൊണ്ട്  ആ പരമ്പര ആരംഭിക്കുന്നതിനു മുന്‍പ് അതിന്‍റെ വിശ്വാസ്യത അന്വേഷിച്ചില്ല ? ചാരക്കേസില്‍ രാഷ്ട്രിയ താല്‍പര്യം സംരക്ഷിച്ചവര്‍ക്ക് അന്ധ കുടുംബത്തിന്‍റെ കണ്ണീരിനെക്കാള്‍
പ്രാധ്യാന്യം പരസ്യക്കാരന്‍റെ ബിസിനസ് താല്‍പര്യങ്ങള്‍ ആയിരുന്നുവെന്ന് സ്പഷ്ട്ടം.

ലണ്ടനിലുള്ള മലയാളി ട്രാവല്‍ ഏജന്‍സി തകര്‍ന്നുവെങ്കില്‍ അതിന് തക്കതായ കാരണങ്ങള്‍ ഉണ്ടായിരിക്കാം.ഉടമ ആളുകളെ മനപൂര്‍വം പറ്റിക്കുകയായിരുന്നു  എന്ന നിഗമനത്തില്‍ എത്തിച്ചേരാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ഇംഗ്ലണ്ടില്‍ ഒരു കമ്പനി പാപ്പരായി പ്രഖ്യാപിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ അതിന്‍റെ പരിണിത ഫലങ്ങള്‍ എന്തായിരിക്കുമെന്നും അവര്‍ പണം കൊടുക്കാനുള്ളവര്‍ക്ക് മുഴുവന്‍ തുകയും തിരികെ ലഭിക്കാനുള്ള സാധ്യതകള്‍ വിരളമാണെന്നും  നല്ല ബോധ്യമുള്ളതു കൊണ്ടാണ് ഇത്തരുണത്തില്‍ മാധ്യമ പ്രതിബദ്ധതയെക്കുറിച്ച് സംസാരിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുന്നത്.

ഇക്കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യു കെയിലെ മിക്ക മുന്‍ നിര മാധ്യമങ്ങളിലും തങ്ങളുടെ പരസ്യം നല്‍കിയവരാണ് ഇപ്പോള്‍ പ്രതിസന്ധിയിലായ ട്രാവല്‍ ഏജന്‍സി.നല്ല രീതിയില്‍ ബിസിനസ് നടത്തി വന്ന ഈ സ്ഥാപനം കഴിഞ്ഞ ആറു മാസങ്ങളായി പ്രതിസന്ധിയില്‍ ആയിരുന്നു എന്നാണ് മുന്‍പ് ഇവരുടെ പരസ്യം പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ വരെ പറയുന്നത്.സ്വാഭാവികമായും സ്ഥിരമായി ബിസിനസ് തരുന്ന ഒരാള്‍ക്ക് സാമ്പത്തികമായി തകര്‍ച്ചയുടെ സൂചനകള്‍ ഉണ്ടായാല്‍ നമുക്ക്‌ മനസിലാകും.അതിനര്‍ത്ഥം ട്രാവല്‍ ഏജന്‍സിയുടെ പരസ്യം അടുത്ത കാലത്ത് വരെ പ്രസിദ്ധീകരിച്ചിരുന്നവര്‍ക്ക് നിശ്ചയമായും ഇത് സംബന്ധിച്ച സൂചനകള്‍ മാസങ്ങള്‍ക്ക് മുന്‍പേ
ലഭിച്ചിട്ടുണ്ടായിരുന്നിരിക്കണം.ഒരു പക്ഷെ മനപൂര്‍വമോ അല്ലെങ്കില്‍ തങ്ങള്‍ക്ക് ചേതമില്ലാത്തത് കൊണ്ടോ ഈ സത്യം യു കെ മലയാളികള്‍ക്ക് മുന്‍പില്‍ ഇക്കൂട്ടര്‍ വെളിപ്പെടുത്തിയില്ല.പോരാത്തതിന് അവരുടെ പരസ്യം തങ്ങളുടെ മാധ്യമത്തില്‍  നല്‍കുന്നത് തുടരുകയും ചെയ്തു.നഷ്ട്ടം പാവം യു കെ മലയാളികള്‍ക്ക്.

ഇവിടെയാണ്‌ മാധ്യമ ധര്‍മം അല്ലെങ്കില്‍ പ്രതിബദ്ധത തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വരുന്നത്.പണം കിട്ടിയാല്‍ ആരുടേയും എന്തും പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായിരിക്കുന്നു.അതിനൊപ്പം തങ്ങള്‍ക്ക് കൂടുതല്‍  പണം നല്‍കുന്നവരുടെ മാത്രം പരസ്യം പ്രസിദ്ധീകരിക്കുകയും മറ്റുള്ളവരെ ഒതുക്കുകയും ചെയ്യുന്ന ചിറ്റമ്മ നയം വച്ചു പുലര്‍ത്തുന്ന മാധ്യമങ്ങള്‍ വരെ യു കെയില്‍ നിലവിലുണ്ട്.ഇങ്ങിനെയുള്ള മാധ്യമങ്ങളെയും അവരടങ്ങുന്ന
സിന്‍ഡിക്കേറ്റുകളെയും ബിസിനസ് മുതലാളിമാര്‍ വിലയ്ക്ക് വാങ്ങുമ്പോള്‍ നഷ്ട്ടപ്പെടുന്നത് തങ്ങള്‍ക്ക് ലഭിക്കുന്ന ഉല്‍പ്പന്നം അല്ലെങ്കില്‍ സേവനം മറ്റുള്ളവയുമായി താരതമ്യപ്പെടുത്താനുള്ള യു കെ മലയാളിയുടെ അവകാശമാണ്.അത് ഈ രാജ്യത്തെ നിയമ വ്യവസ്ഥയ്ക്ക് എതിരാണെന്ന സത്യം അറിയില്ലെന്ന് നടിക്കുകയാണ് ഇത്തരം മാധ്യമ/ബിസിനസ് മുതലാളിമാര്‍.

അടുത്ത കാലത്ത് ഗൂഗിള്‍ വഴിയുള്ള തട്ടിപ്പ്‌ എന്ന രീതിയില ഒരു വാര്‍ത്ത യു കെയിലെ ഒരു മാധ്യമം പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു.എന്നാല്‍ ഈ ബിസിനസില്‍ തനിക്ക് വേണ്ടപ്പെട്ടവര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് മനസിലാക്കിയ പത്രാധിപര്‍ രണ്ടു ദിവസം കൊണ്ട് പരമ്പര മതിയാക്കി രക്ഷപെട്ടു.മല പോലെ വന്നു എലി പോലെ പോയ ഈ കടലാസുപുലി, പ്രതി സ്ഥാനത്ത്‌ ഒരു സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ തുണിയുരിഞ്ഞ് നടുറോഡില്‍ നിര്‍ത്തിയേനെ.
നോക്കണേ മാധ്യമങ്ങളുടെ സാമൂഹിക പ്രതിബദ്ധത ..

വ്യക്തികളെ അപകീര്‍ത്തിപ്പെടുത്താന്‍ കാണിക്കുന്നതിന്‍റെ,അല്ലെങ്കില്‍ യു കെ മലയാളികളുടെ സ്വകാര്യത മണത്തറിയാന്‍ ശ്രമിക്കുന്നതിന്‍റെ ചെറിയ ഒരളവ് ആത്മാര്‍ഥത മാധ്യമങ്ങള്‍ കാണിച്ചിരുന്നെങ്കില്‍ ആയിരക്കണക്കിന് പൌണ്ട് യു കെ മലയാളികള്‍ക്ക് നഷ്ട്ടമായേക്കാവുന്ന ഈ അവസ്ഥ സംജാതമാകുകയില്ലായിരുന്നു.തങ്ങളുടെ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുന്ന ബിസിനസുകളുടെ ഉത്തരവാദിത്വം ബിസിനസുകാരന് മാത്രമാണെന്ന് പറഞ്ഞു കൈ കഴുകാന്‍ മാധ്യമങ്ങള്‍ക്കാവും.കാശു പോയവരോട് വേറെ ടിക്കറ്റ്‌ എടുക്കാനും ഈ പണം കിട്ടാന്‍ വേണ്ടി വേറെ ശ്രമിക്കാനും പറയാന്‍ ആര്‍ക്കും സാധിക്കും.മുന്‍കൂര്‍ പണം വാങ്ങി പരസ്യം വാങ്ങിയവര്‍ മിടുക്കന്മാര്‍;നാട്ടില്‍ പോകാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌  അവധി പ്ലാന്‍ ചെയ്ത് പരസ്യക്കാരന് മുന്‍കൂര്‍ പണമടച്ച് ടിക്കറ്റിനായി കാത്തിരുന്ന പാവം നമ്മള്‍  യു കെ മലയാളികള്‍ മണ്ടന്മാര്‍ !!!

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.