1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2019

Appachan Kannanchira (സ്റ്റീവനേജ്:) ‘ ക്രിസ്ത്യാനികള്‍ തിരുവചനത്തിലൂന്നി ക്രിസ്തുവിനെ അനുഗമിക്കുകയും, രക്ഷയുടെ വചനങ്ങള്‍ മറ്റുള്ളവര്‍ക്ക് പങ്കുവെക്കുകയും, സ്വന്തം ജീവിതത്തില്‍ ക്രിസ്തുവിനു സാക്ഷികള്‍ ആകുവാന്‍ കഴിയുന്നവരുമാവണം ‘ എന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ‘ മറ്റുള്ളവരുടെ കണ്ണുനീര്‍ ഒപ്പുവാനും, സ്‌നേഹിക്കുവാനും സഹായിക്കുവാനും ഉള്ള നന്മയുടെയും കാരുണ്യത്തിന്റെയും ഉറവ വറ്റാത്ത മനസ്സുള്ളവരായാലേ നിത്യരക്ഷ പ്രാപിക്കുവാനാവൂ.’ വലിയ നോമ്പിനോടനുബന്ധിച്ചു സ്റ്റീവനേജില്‍ നടത്തപ്പെട്ട ത്രിദിന ധ്യാനത്തിന്റെ സമാപന ശുശ്രുഷയും, വിശുദ്ധബലിയും അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഫാ.ഫാന്‍സുവാ പത്തില്‍, ഫാ. ആന്റണി പറങ്കിമാലില്‍ എന്നിവര്‍ ആഘോഷപൂര്‍വ്വമായ സമൂഹബലിയില്‍ സഹകാര്‍മ്മികരായിരുന്നു.

പ്രശസ്ത ധ്യാന ഗുരുവും, പോട്ട ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ ശുശ്രുഷകനുമായ ഫാ. ആന്റണി പറങ്കിമാലില്‍ വീ സിയാണ് ത്രിദിന ധ്യാനം നയിച്ചത്. ‘ പാപമോചനത്തിനായി പുരോഹിതര്‍ക്ക് അധികാരം നല്‍കി കുമ്പസാരം എന്ന കൂദാശ ക്രിസ്തു സ്ഥാപിച്ചതു അനുതപിക്കുന്നവരില്‍ നിന്നും പാപാന്ധകാരത്തെ തുടച്ചു മാറ്റുന്നതിനും വിശുദ്ധിയിലേക്ക് തിരിച്ചെത്തിക്കുന്നതിനുമാണ്. പരിശുദ്ധാല്മാവിന്റെ കൃപകള്‍ക്കുള്ള വാതായനം തുറന്നു കിട്ടുവാനും പ്രയാസങ്ങളും, പ്രശ്‌നങ്ങളും, പ്രതിസന്ധികളും, രോഗങ്ങളും മോചിപ്പിക്കുവാന്‍ ഉതകുന്ന വിശുദ്ധി പ്രദാനം ചെയ്യുന്ന കൂദാശയാണ് കുമ്പസാരം. ‘ എന്ന് പറങ്കിമാലി അച്ചന്‍ തന്റെ സമാപന ശുശ്രുഷയില്‍ സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തി ഓര്‍മ്മപ്പിച്ചു. ‘ശരിയായ കുമ്പസാരം മാനസാന്തരത്തിനും അനുഗ്രഹങ്ങള്‍ക്കും ഇടയാക്കും’.

സ്റ്റീവനേജ്, ലൂട്ടന്‍, വെയര്‍ തുടങ്ങിയ കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നുമുള്ള നൂറു കണക്കിന് സീറോ മലബാര്‍ സഭാമക്കളാണ് ധ്യാന ശുശ്രുഷയില്‍ മുഖ്യമായി പങ്കു ചേര്‍ന്നത്. പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല വിശുദ്ധ കുര്‍ബ്ബാനകളില്‍ മുഖ്യ കാര്‍മ്മികനും ധ്യാനത്തിന്റെ മുഖ്യ സഹകാരിയുമായിരുന്നു. ഫാ. ഫിലിഫ് ജോണ്‍ പന്തമാക്കല്‍ കുമ്പസാര ശുശ്രുഷക്ക് നേതൃത്വം നല്‍കി. മെല്‍വിന്‍ അഗസ്റ്റിന്‍ , സാംസണ്‍ ജോസഫ് ,പ്രിന്‍സണ്‍ പാലാട്ടി തുടങ്ങിയവര്‍ ധ്യാന ശുശ്രുഷിക്കുവേണ്ടിയുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. ആല്മീയ തീക്ഷ്ണത ഉത്തേജിപ്പിച്ച ഗാന ശുശ്രുഷക്ക് അരുണ്‍ (ലൂട്ടന്‍), ലിസ്സി ജോസ് എന്നിവരാണ് നേതൃത്വം വഹിച്ചത്. മെല്‍വിന്‍ നന്ദി പ്രകാശിപ്പിച്ചു. ആല്മീയ പോഷണവും, നവീകരണവും, അഭിഷേക നിറവും പ്രദാനം ചെയ്ത ത്രിദിന ധ്യാനം സ്‌നേഹ വിരുന്നോടെ സമാപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.