1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2018

 

വര്‍ഗ്ഗീസ് ഡാനിയേല്‍ (യുക്മ പി.ആര്‍.ഒ): ഈ ക്രിസ്തുമസ്പുതുവത്സരം യു.കെ മലയാളികള്‍ക്ക് സമ്മാനപ്പെരുമഴയൊരുക്കി യു.കെ മലയാളികളുടെ അഭിമാനസ്തംഭമായ യുക്മയെത്തുന്നു. പ്രഥമ യുക്മ യുഗ്രാന്റ് ഭാഗ്യപദ്ധതിയുടെ ചരിത്ര വിജയത്തിന് ശേഷം രണ്ടാം തവണയും യു.കെ മലയാളികള്‍ക്കായി നറുക്കെടുപ്പിലൂടെ യുക്മ ഭാഗ്യസമ്മാനങ്ങളുമായെത്തുമ്പോള്‍ അതിന് ഇരട്ടിമധുരം പകരുന്നത് യു.കെയിലെ ഏറ്റവും വലിയ ആഘോഷവേളയായ ക്രിസ്തുമസ്പുതുവത്സര സമയത്ത് സമ്മാനപ്പെരുമഴ ഒരുക്കുവാന്‍ സാധിക്കുന്നുവെന്നതാണ്. ഓരോ കമ്മറ്റികളുടെ കാലഘട്ടത്തിലും നിരവധി പുതുമയാര്‍ന്നതും വ്യത്യസ്തങ്ങളുമായ പരിപാടികള്‍ വിജയകരമായി സംഘടിപ്പിച്ച് ജൈത്രയാത്ര തുടരുന്ന യുക്മയുടെ ചാരിറ്റി, ദേശീയ കമ്മിറ്റി, റീജിയന്‍ കമ്മിറ്റി, അസോസിയേഷനുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിനായിട്ടുള്ള ധനശേഖരണാര്‍ത്ഥം അലൈഡ് ഫിനാന്‍സ് ഗ്രൂപ്പുമായി ചേര്‍ന്നാണ് ഈ വര്‍ഷവും യുക്മ യുഗ്രാന്റ് പദ്ധതി നടപ്പിലാക്കുന്നത്.

യുക്മ സ്‌പോര്‍ട്‌സ് 2018നോടനുബന്ധിച്ച് യുക്മ ദേശീയ അദ്ധ്യക്ഷന്‍ മാമ്മന്‍ ഫിലിപ്പിന്റെയും സെക്രട്ടറി റോജിമോന്റെയും മറ്റ് നേതാക്കളുടേയും സാന്നിധ്യത്തില്‍, യുക്മ ട്രഷറര്‍ അലക്‌സ് വര്‍ഗ്ഗീസ് അവയവദാനത്തിലൂടെ മനുഷ്യത്വത്തിന്റെ മുഖമായി മാറിയ യു കെ മലയാളികളുടെ പ്രിയപ്പെട്ട യുക്മയുടെ ആദ്യത്തെ ട്രഷറര്‍ ശ്രീ.സിബി തോമസിന് കൈമാറിയാണ് ആദ്യ വില്പന നടത്തിയത്.

അവിചാരിതമായി കേരളത്തില്‍ സംഭവിച്ച പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സഹോദരങ്ങളുടെ വേദനയില്‍ പങ്കു ചേരുകയും സഹായിക്കുകയും ചെയ്യുകയെന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുത്ത മലയാളി സംഘടനകള്‍ യുകെയിലെങ്ങും ഓണാഘോഷങ്ങള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ നവംബര്‍ 24 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന യുക്മ ഫാമിലി ഫെസ്റ്റ് മാറ്റി വയ്ക്കണമെന്ന അംഗ അസോസിയേഷനുകളുടെ അഭ്യര്‍ത്ഥന പരിഗണിച്ച് യുക്മ നാഷണല്‍ കമ്മിറ്റി തീരുമാനപ്രകാരം യുക്മ ഫെസ്റ്റും, യുക്മ യുഗ്രാന്റിന്റെ നറുക്കെടുപ്പും ജനുവരി 19ലേയ്ക്ക് മാറ്റി വയ്ക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം നടത്തിയ യുഗ്രാന്റ് ലോട്ടറിയുടെ വിജയിക്ക്  ഒന്നാം സമ്മാനമായി വോക്‌സ് വോഗണ്‍ പോളോ കാറും പ്രോത്സാഹന സമ്മാനമായി പത്തു സ്വര്‍ണ്ണ നാണയങ്ങളുമായിരുന്നു യുഗ്രാന്റ് ലോട്ടറിയുടെ ഭാഗമായി അലൈഡ് ഫിനാന്‍സ് സ്‌പോണ്‍സര്‍ ചെയ്തിരുന്നത്. യുക്മയുടെ നാഷണല്‍ കലാമേളയില്‍ വെച്ച് ആയിരങ്ങളെ സാക്ഷി നിര്‍ത്തി നറുക്കെടുത്തപ്പോള്‍ ഒന്നാം സമ്മാനമായ കാര്‍ ഷെഫീല്‍ഡിലുള്ള സിബി ഇമ്മാനുവലിനെ തേടിയായിരുന്നു എത്തിയത്. പ്രോത്സാഹന സമ്മാനമായ സ്വര്‍ണ്ണ നാണയങ്ങള്‍ ജയീ ജേക്കബ്, ജിജി സേവ്യര്‍, ബോബി ജെയിംസ്, ജോബി ജോസഫ്, അഭിലാഷ് ആബേല്‍, റാം ലീഡ്‌സ്, ജോയ് പൗലോസ് വോക്കിങ്, സ്റ്റാന്‍ലി, ജോജോ ജോയ്, ഷിബു ലിവര്‍പൂള്‍ എന്നിവര്‍ക്കും ലഭിച്ചു.

കഴിഞ്ഞ പതിമൂന്നു വര്‍ഷങ്ങളായി ഷെഫീല്‍ഡില്‍ താമസിക്കുന്ന ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ അംഗമായ സിബി ഇമ്മാനുവേല്‍ തൊടുപുഴക്കടുത്തടുള്ള കടവൂര്‍ സ്വാദേശിയാണ്. ഭാര്യ ആനീസ് ഷെഫീല്‍ഡ് ടീച്ചിങ്‌സ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാണ്. ജി സി എസ് വിദ്യാര്‍ത്ഥിയായ അലക്‌സും ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ അലനും അടങ്ങുന്നതാണ് സിബിയുടെ കുടുംബം.

യുഗ്രാന്‍ന്റ് ലോട്ടറിയെ പറ്റി യുക്മയുടെ നാഷണല്‍ കമ്മിറ്റി പ്രഖ്യാപിച്ച സമയം മുതല്‍ യുക്മയെ സ്‌നേഹിക്കുന്ന നല്ലവരായ ബഹുഭൂരിപക്ഷം മലയാളികള്‍ ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുക വഴി യുക്മ അതിന്റെ ചരിത്രത്താളില്‍ പുതിയ ഒരു അദ്ധ്യായം കൂടി എഴുതിച്ചേക്കുകയായിരുന്നു.

യു.കെയിലെ മലയാളി സമൂഹങ്ങള്‍ ധനശേഖരണാര്‍ത്ഥം പല തരത്തിലുള്ള നറുക്കെടുപ്പുകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും വലിയ തുകക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തുകൊണ്ട് നടത്തുന്ന സമ്മാനപദ്ധതി എന്ന ഖ്യാതി യുക്മക്ക് മാത്രമേ അവകാശപ്പെടുവാനുള്ളൂ. യുഗ്രാന്റ് ലോട്ടറിയുടെ 25 ശതമാനം വിഹിതം അസ്സോസിയേഷനുകള്‍ക്കും 25 ശതമാനം വിഹിതം റീജിയനുകള്‍ക്കുമായി കഴിഞ്ഞ വര്‍ഷം നല്‍കിയത്. 10 ശതമാനം തുക യുക്മ ചാരിറ്റിക്കായി ഉപയോഗിക്കും. ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷത്തെ രീതിയില്‍ തന്നെയാണ് ഫണ്ട് വിനിയോഗിക്കുകയെന്ന് യുക്മ നാഷണല്‍ ട്രഷറര്‍ അലക്‌സ് വര്‍ഗീസ് അറിയിച്ചു. ഏറ്റവും കൂടുതല്‍ യുഗ്രാന്റ് ലോട്ടറി ടിക്കറ്റുകള്‍ വിറ്റഴിച്ച അസോസിയേഷനും റീജിയനുമുള്ള പുരസ്‌കാരങ്ങള്‍ ജനുവരി 19ന് നടക്കുന്ന യുക്മ ഫാമിലി മീറ്റില്‍ വെച്ച് വിതരണം ചെയ്യുമെന്ന് നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അറിയിച്ചു.

ഫാമിലി ഫെസ്റ്റിനെ സംബന്ധിച്ചും യുക്മ യുഗ്രാന്റിനെ സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് അലക്‌സ് വര്‍ഗ്ഗീസിനെ 07985641921 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.