1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2015

കുട്ടികള്‍ സ്‌കൂള്‍ വിട്ടു വന്നാല്‍ ആദ്യം ചെയ്യുന്നത് ടിവിയുടെ മുന്നില്‍ കുത്തിയിരിക്കലാണോ ? എങ്കില്‍ നിങ്ങള്‍ സൂക്ഷിക്കണം. കാരണം ദിവസവും രണ്ട് മണിക്കൂറിലധികം ടി.വിയ്ക്ക് മുന്നില്‍ ചെലവഴിക്കുന്ന കുട്ടികളുടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുമെന്നാണ് പുതിയ പഠനം. എട്ട് യൂറോപ്യന്‍ രാജ്യങ്ങളിലെ കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് ഈ കാര്യം വ്യക്തമായിരിക്കുന്നത്. പഠനത്തിന് വിധേയരായ 30 ശതമാനം കുട്ടികളുടേയും രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ച് വരുന്നതായി ഗവേഷകര്‍ കണ്ടെത്തി.

ടി.വി കാണുന്ന കുട്ടികളുടെ ശീലവും രക്തസമ്മര്‍ദ്ദവും തമ്മിലുള്ള ബന്ധം സംബന്ധിച്ച് സരഗോസ (സ്‌പെയിന്‍), സാവോ പോളോ (ബ്രസീല്‍) യൂണിവേഴ്‌സിറ്റികളിലെ ശാസ്ത്രജ്ഞന്മാരാണ് പഠനം നടത്തിയത്. ഏകദേശം 5,221 കുട്ടികളെ പഠനത്തില്‍ ഉള്‍പ്പെടുത്തി. സ്‌പെയിന്‍, ജര്‍മ്മനി, ഹങ്കറി, ഇറ്റലി, സ്വീഡന്‍, സൈപ്രസ്, എസ്‌തോനിയ, ബെല്‍ജിയം എന്നീ രാജ്യങ്ങളിലെ രണ്ട് വയസ്സിനും 10 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് നിരീക്ഷിച്ചത്. രണ്ട് മണിക്കൂറിലധികം ടി.വിയ്ക്ക് മുന്നിലിരിക്കുന്ന കുട്ടികള്‍ക്ക് മറ്റ് കുട്ടികളെ അപേക്ഷിച്ച് രക്തസമ്മര്‍ദ്ധം കൂടുതലാണ്. ഇവര്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളതായും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. രണ്ട് വര്‍ഷമെടുത്താണ് ഗവേഷകര്‍ പഠനം പൂര്‍ത്തിയാക്കിയത്.

ടി.വിയ്ക്ക് മുന്നില്‍ അടിമപ്പെടുന്ന കുട്ടികളുടെ ഹൃദയത്തിനും രക്തധമനികള്‍ക്കും മാത്രമല്ല പ്രശ്‌നമുണ്ടാകുന്നത്. മസ്തിഷ്‌കത്തിനും കാര്യമായ ക്ഷതം സംഭവിക്കുന്നതായി 276 കുട്ടികളെ കേന്ദ്രീകരിച്ച് ജപ്പാനിലെ ടൊഹോക യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ മുന്‍പ് തെളിഞ്ഞിരുന്നു. കുട്ടികളുടെ മസ്തിഷ്‌കം മരവിച്ച് പോകാനുള്ള സാധ്യതയും അവര്‍ തള്ളിക്കളഞ്ഞില്ല.

പുറത്ത് പോയുള്ള കളികള്‍ ഒഴിവാക്കുന്നതിനായി കുട്ടികളുടെ കിടപ്പുമുറിയില്‍ കമ്പ്യൂട്ടറും ടി.വിയും വയ്ക്കുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ്. അടഞ്ഞ മുറിയിലുള്ള കുട്ടികളുടെ ജീവിതം അവന്റെ ബുദ്ധിശക്തിയേയും ചിന്തയേയും നശിപ്പിക്കുന്നു. ടി.വിയുടെയും കമ്പ്യൂട്ടറിന്റേയും സാന്നിദ്ധ്യം വിദ്യാഭ്യാസകാര്യങ്ങളില്‍ കുട്ടികളുടെ ശ്രദ്ധ കുറയ്ക്കുന്നതിനും കാരണമാകുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.