1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2011

സന്ദര്‍ലന്റ് ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍(ഐ.സി.എ )യിലെ അംഗമായിരുന്ന സിബി തോമസിന്റെ രാജിവാര്‍ത്ത ചില മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതിനെതിരേ ഐ.സി.എ യുടെ പ്രതികരണം.

പാരമ്പര്യതികവും പ്രവര്‍ത്തനപരിചയവും അച്ചടക്കമഹിമയും കൊണ്ട് യു.കെയിലെ അസോസിയേഷനുകള്‍ക്കിടയില്‍ വ്യത്യസ്തത പുലര്‍ത്തി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചതാണ് സന്ദര്‍ലന്റ് ഇന്ത്യന്‍ കച്ചറല്‍ അസോസിയേഷന്‍. അഭിപ്രായ ഐക്യവും അഭിപ്രായ സമന്വയവും കൊണ്ട് സമ്പന്നമായ ഈ സൗഹൃദകൂട്ടായ്മയ്‌ക്കെതിരേ വാര്‍ത്തകള്‍ കൊണ്ട് വ്യത്യസ്തത പുലര്‍ത്താന്‍ ശ്രമിക്കുന്ന ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് സത്യസന്ധമായ വിശദീകരണം നല്‍കുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി തീര്‍ന്നിരിക്കുന്നു.

കുടുംബപരവും വ്യക്തിപരവുമായ കാരണങ്ങളാല്‍ ഐ.സി.എയില്‍ നിന്നും രാജിവച്ചുപോയ സിബി തോമസ്, ഐ.സി.എയുടെ പ്രാരംഭകാല പ്രസിഡന്റും സജീവപ്രവര്‍ത്തകനുമായിരുന്നു. യുക്മ നാഷണല്‍ ട്രഷറര്‍ എന്ന സ്ഥാനവും അദ്ദേഹം വഹിക്കുന്നുണ്ട്. രാജി വച്ചുപോയ ഒരു പ്രവര്‍ത്തകന്‍ യുക്മയുടെ ഉത്തരവാദിത്വപ്പെട്ട ഔദ്യോഗിക സ്ഥാനം വഹിക്കുന്നതിലെ അനൗചിത്യം അതിന്റെ ഭാരവാഹികളെ ഔദ്യോഗികമായി തന്നെ അറിയിച്ചതോടെ ഐ.സി.എയുടെ ഉത്തരവാദിത്വം അവസാനിച്ചു.

 ഇതിന്റെ പേരില്‍ യുക്മയിലെ സ്ഥാനമാനങ്ങളെ ചൊല്ലി കലാപക്കൊടി ഉയര്‍ത്താനോ,യുക്മയുടെ തുടക്കം മുതലേ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കാളിത്തം പുലര്‍ത്തിപ്പോന്ന ഒരു സംഘടന എന്ന നിലയില്‍ വെല്ലുവിളി ഉയര്‍ത്താനോ ഐ.സി.എ ഒരുക്കമല്ല.

യുക്മയിലെ ഒരു അംഗ അസോസിയേഷന്‍ മാത്രമാണ് ഞങ്ങള്‍. കൂടാതെ യുക്മ എടുക്കുന്ന ഏത് തീരുമാനങ്ങളും ഞങ്ങള്‍ സര്‍വാത്മനാ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ പിന്തുണ ഞങ്ങള്‍ ആവര്‍ത്തിക്കുന്നു.

ഐ.സി.എ അറിയാത്തതും പറയാത്തതുമായ കാര്യങ്ങള്‍ ഞങ്ങളുടെ പേരില്‍ പ്രസിദ്ധീകരിക്കുന്നത് പത്രധര്‍മ്മത്തിന് ചേര്‍ന്നതാണോയെന്ന് എല്ലാവരും ആലോചിക്കണം. പത്രപ്രവര്‍ത്തനം മാന്യതയും സംസ്‌ക്കാരികനിറവുള്ളതും ആകണമെന്ന് വിശ്വസിക്കുന്നവരാണ് യു.കെയിലെ ബഹുഭൂരിപക്ഷം വരുന്ന മലയാളി സമൂഹവും. അതുകൊണ്ട് തമ്മിലടിപ്പിച്ചും വിവാദങ്ങള്‍ ഉണ്ടാക്കിയും കൊഴുപ്പിച്ചും പത്രസ്ഥാപനങ്ങളെ വളര്‍ത്താം എന്ന് വിചാരിക്കുന്നവര്‍ വിഢ്ഢികളുടെ മൂഢസ്വര്‍ഗ്ഗത്തിലാണെന്ന് പറയേണ്ടി വരും.

 സംസ്‌ക്കാര സമ്പന്നമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ പത്രസ്ഥാപനങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും കഴിയട്ടെയെന്ന് ആശിക്കുന്നു.ഐ.സി.എ എന്ന പ്രസ്ഥാനം പത്രപ്രസ്താവനകളിലൂടെയും ഫോട്ടോകളിലൂടെയും പച്ചപിടിച്ച സംഘടനയല്ല, മറിച്ച് ത്യാഗനിര്‍ഭരമായി, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരുപറ്റം സഹൃദയരുടെ സ്‌നേഹക്കൂട്ടായ്മയാണ്. ഒരപേക്ഷ കൂടി ഞങ്ങള്‍ക്കുണ്ട്.

വാര്‍ത്തകള്‍ നല്‍കുന്നതിനുമപ്പുറം അതിന്റെ നിജസ്ഥിതി ഉത്തരവാദപ്പെട്ടവരില്‍ നിന്നും ഉറപ്പുവരുത്തേണ്ട ആവശ്യകത എല്ലാവരേയും ഓര്‍മ്മിപ്പിച്ചുകൊണ്ട് ഞങ്ങള്‍ അവസാനിപ്പിക്കുന്നു.

ഒരു പുതിയ സംസ്‌ക്കാരം ഈ നാട്ടില്‍ ഉടലെടുക്കട്ടെ. നമുക്ക് ഒത്തുചേരാം………….
ജനനന്മയ്ക്കായ്………………

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.