1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2011

എങ്ങനെയാണ് സലിം മുഹമ്മദ് ഘോഷ് പ്രേക്ഷകരുടെ പ്രിയ്യപ്പെട്ട കൊച്ചിന്‍ ഹനീഫയായത്. ‘വലിയ ശരീരവും ചെറിയ ബുദ്ധിയും’ കൊണ്ട് മലയാള സിനിമ ലോകത്തെ ചിരിപ്പിച്ച നടനായിരുന്നു അദ്ദേഹം. ‘വലിയ കുമ്പ കുലുക്കി’ മീശ പിരിച്ച്’ ഹനീഫ ചിരിക്കുമ്പോള്‍ പ്രേക്ഷകരെ ചിരിപ്പിക്കുമ്പോള്‍, യവനികക്ക് പിന്നില്‍ സംവിധായകനായി തിരക്കഥാകൃത്തായി സ്വയം ചിരിക്കുന്ന ഹനീഫയെ പ്രേക്ഷകരാരും അധികം കണ്ടിരിക്കില്ല.

വില്ലനാണെങ്കില്‍ ഒന്നാന്തരം വില്ലന്‍. സീരിയസ് കഥാപാത്രമാണെങ്കില്‍ വളരെ സീരിയസ്. കോമഡിയാണെങ്കിലോ നമ്മെ ഓര്‍ത്തോര്‍ത്ത് ചിരിപ്പിക്കും. അതായിരുന്നു കൊച്ചിന്‍ ഹനീഫ എന്ന നടന്‍. 1970കളില്‍ മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച സലിം മുഹമ്മദ് ഘോഷ് എന്ന കൊച്ചിന്‍ ഹനീഫ നമ്മെ വിട്ടുപോയിട്ട് ഒരു വര്‍ഷം തികയുകയാണ്.

1980ലെ ‘മാമാങ്ക’ത്തിലൂടെയാണ് ഹനീഫ നടനായി വെള്ളിത്തിരയിലെത്തുന്നത്. 1993ലെ ‘വാത്സല്യ’ത്തിലൂടെയാണ് മലയാള സിനിമാ ലോകത്തിന്റെ നെഞ്ചിലേക്ക് പ്രബലനായ സംവിധായകനായി ഹനീഫ കടന്നുവരുന്നത്.

‘കിരീട’ത്തിലെ ‘ഹൈദ്രോസാ’യും അദ്ദേഹം നമ്മെ പലതവണ കണ്ണുരുട്ടി ചിരിപ്പിച്ചിട്ടുണ്ട്. ഈ ‘ഹൈദ്രോസാ’ണ് പിന്നീടുള്ള ഹനീഫയുടെ നടന്‍ എന്ന ഹാസ്യവ്യക്തിത്വത്തെ സിനിമാ ലോകത്തിന് സമ്മാനിക്കുന്നത്. 2001ല്‍ ‘സൂത്രധാര’നില്‍ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡിന് അര്‍ഹനാകുന്നു അദ്ദേഹം.

മലയാള ലോകം മാത്രമല്ല, തമിഴ് മക്കളും ഹനീഫയുടെ നടനപാടവം ഏറ്റുവാങ്ങിയിട്ടുണ്ട്. ‘പാസൈ പറവകളാ’ണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് സിനിമ. മഹാനദി, മുതല്‍വന്‍ , അന്യന്‍ , ശിവാജി തുടങ്ങിയ സിനിമകളിലും അദ്ദേഹം പ്രധാന വേഷമിട്ടിട്ടുണ്ട്. 20 ഓളം മലയാളം തമിഴ് സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ‘വാത്സല്യം, മൂന്ന് മാസങ്ങള്‍ക്ക് മുമ്പെ, ഭീഷ്മാചാര്യ’ തുടങ്ങിയവയാണ് പ്രധാന മയാള സിനിമകള്‍.

കലാലയ കാലഘട്ടത്തില്‍ മിമിക്രിയിലും നാടകങ്ങളിലും സജീവ സാന്നിധ്യമായിക്കൊണ്ടാണ് കൊച്ചിന്‍ ഹനീഫ വേദിയിലേക്ക് കടന്നു വരുന്നത്.

‘സി ഐ മഹാദേവന്‍ അഞ്ചടി നാലിഞ്ചില്‍’ ബുദ്ധിയില്ലാത്ത ഒരു പോലീസ് ഇന്‍സ്‌പെക്ടറായും പ്രേക്ഷകമനസില്‍ ചിരിപ്പിച്ച ജീവിക്കുകയായിരുന്നു. ‘പുലിവാല്‍ കല്യാണ’ത്തിലെ ‘ധര്‍മേന്ദ്ര’നായും ‘സ്വപ്‌നക്കൂടി’ലെ ‘ഫിലിപ്പോസങ്കിളാ’യും ‘സി ഐ ഡി മൂസ’യിലെ ‘വിക്രമനും’ ‘മീശമാധവിനി’ലെ ‘ത്രിവിക്രമനാ’യും ‘ഈ പറക്കും തളിക’യിലെ ‘വീരപ്പന്‍ കുറുപ്പാ’യും കുട്ടികളെയും യുവാക്കളെയും ഒരു പോലെ ചിരിപ്പിച്ചു അദ്ദേഹം.

തകര്‍ന്നു തുടങ്ങുന്ന ഫ്യൂഡല്‍ ബന്ധങ്ങളുടെ ഒരു നെടുവീര്‍പ്പായാണ് 1993ല്‍ വാത്സല്യം പുറത്ത് വരുന്നത്. ‘കുമ്പ കുലുക്കി.. മീശ ചരുട്ടി.. കണ്ണുരുട്ടി.. സ്വയം അപഹാസ്യനായി’ പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഹനീഫയല്ല ‘വാത്സല്യ’ത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്. അറ്റുപോകുന്ന ബന്ധങ്ങളുടെ കഥ പറഞ്ഞ് മലയാള കുടുംബത്തെ മുഴുവനും കരയിപ്പിക്കാന്‍ ‘വലിയ ശരീരവും ചെറിയ ബുദ്ധിയു’മുള്ള ഈ കൊമേഡിയന് കഴിഞ്ഞു എന്നുള്ളതാണ് വെള്ളിവെളിച്ചത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ അടയാളപ്പെടുത്തലുകള്‍.

യവനികക്ക് പുറത്ത് സംവിധാനതിരക്കഥാ രംഗങ്ങളില്‍ നിശബ്ദമായിരുന്ന് പ്രക്ഷോഭിക്കുമ്പോള്‍ സ്‌റ്റേജില്‍ വാചാലനായ ഒരു കോമാളിയാവുകയായിരുന്നു ഹനീഫയിലെ നടന്‍. ഇത്തരത്തില്‍ പ്രക്ഷുബ്ദമായ പോരാട്ടങ്ങള്‍ നിറഞ്ഞ കുടുംബ പശ്ചാത്തല സിനിമകളായാണ് ‘വാത്സല്യ’വും ‘ഭീഷ്മാചാര്യ’യുമൊക്കെ അദ്ദേഹം ചിത്രീകരിക്കുന്നത്.ംഇപ്രകാരം ദ്വന്തമുഖ പശ്ചാത്തലമാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതമെന്ന് നമുക്ക് രേഖപ്പെടുത്താം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.