1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2011

ന്യൂയോര്‍ക്ക്: 2011 മെയ് 21… പതിവു പോലെ സൂര്യന്‍ കിഴക്കുദിച്ചു. ലോകത്തെ ചരാചരങ്ങളെല്ലാം പതിവുപോലെ തങ്ങളുടെ പ്രവൃത്തികളില്‍ മുഴുകിയിരിക്കുന്നു. ഒന്നും സംഭവിയ്ക്കുന്നില്ല.

ഇനി വൈകേണ്ട, മെയ് 21ന് ലോകം ഒടുങ്ങുമെന്ന പ്രതീക്ഷയില്‍(ഭീതിയില്‍) അടയ്ക്കാതിരുന്ന ടെലിഫോണ്‍ ബില്ലും ഒക്കെ വേഗത്തില്‍ അടച്ചോളൂ. അങ്ങനെയെങ്കില്‍ പിഴയെങ്കിലും ഒഴിവാക്കാം. ലോകവസാനം പ്രതീക്ഷിച്ചിരുന്നവരോടുള്ള ഉപദേശം ഇതാണ്.

കാലിഫോര്‍ണിയയിലെ ഓക്‌ലാന്റിലുള്ള ഹരോള്‍ഡ് കാമ്പിങ് എന്ന പാസ്റ്ററാണ് മെയ് 21ന് ലോകാവസാനം ഉണ്ടാകുമെന്ന് പ്രവചിച്ച് ലോകജനതയില്‍ കുറെ പേരെ ഭീതിയിലാഴ്ത്തിയത്. ദൈവവിശ്വാസികള്‍ മെയ് 21ന് ഉടലോടെ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തപ്പെടുമെന്നും ബാക്കിയുള്ള അവിശ്വാസികളായി നിര്‍ഭാഗ്യവാന്‍മാര്‍ സമ്പൂര്‍ണ ലോകാവസാനം നടക്കുന്ന ഒക്ടോബര്‍ 21 വരെ ഭൂമിയില്‍ നരകിച്ച് കഴിയേണ്ടി വരുമെന്നുമായിരുന്നു പാസ്റ്ററുടെ പ്രവചനം.

മതകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഫാമിലി റേഡിയോയുടെ നടത്തിപ്പുകാരനായ ഹരോള്‍ഡ് കഴിഞ്ഞ 70 വര്‍ഷത്തെ ബൈബിള്‍ പഠനത്തിലൂടെയാണ് ലോകാവസാനദിനം കൃത്യമായി കണ്ടെത്തിയത്.

എഡി 33നാണ് യേശുവിനെ കുരിശില്‍ തറച്ചത്. ഈ മെയ് 21 ആകുന്നതോടെ ക്രൂശിയ്ക്കല്‍ കഴിഞ്ഞ് 722,500 ദിവസം തികയുമെന്നും ഹാരോള്‍ഡ് പറയുന്നു. വിശുദ്ധ സംഖ്യകളായ അഞ്ച്, 10, 17 എന്നിവ തുടര്‍ച്ചയായി രണ്ട് തവണ ഗുണിച്ചാല്‍ ലഭിക്കുന്ന സംഖ്യയാണ് 722,500. എഴുപത് വര്‍ഷം കൊണ്ട് പാസ്റ്റര്‍ കണ്ടുപിടിച്ചത് ഇതെല്ലാമാണ്.

കാര്യങ്ങള്‍ ഇവിടെയും നില്‍ക്കുന്നില്ല, നോഹ രക്ഷപ്പെട്ട പ്രളയമുണ്ടായത് 4990 ബിസിയിലാണെന്നും ഇക്കാര്യം ഏഴ് ദിവസം മുമ്പ് ദൈവം നോഹയെ അറിയിച്ചിരുന്നുവെന്നും പ്രവാചകന്‍ പറയുന്നു. ദൈവത്തിന്റെ ഒരു ദിവസമെന്നാല്‍ ‘ഒന്നൊന്നര’ ദിവസമാണെന്നാണ് ഹാരോള്‍ഡ് പറയുന്നത്. അതായത് സ്വര്‍ഗത്തിന്റെ കണക്കില്‍ ഒരു ദിവസം ആയിരം വര്‍ഷം. ഏഴായിരം കൊല്ലം മുമ്പേ പ്രളയമുണ്ടാകുമെന്ന കാര്യം നോഹയെ അറിയിച്ചിരുന്നുവത്രേ. അപ്പോള്‍ 4990ന്റെ കൂടെ 7001 വര്‍ഷങ്ങള്‍ കൂട്ടിയാല്‍ 2011ലെത്തും.

അന്ന് പ്രളയമുണ്ടായപ്പോള്‍ നോഹയ്ക്ക് ദൈവം ഒരു കാര്യം ഉറപ്പുകൊടുത്തിരുന്നു. ഇനി ഇതുപോലൊരു പ്രളയം ഉണ്ടാക്കില്ലെന്ന്. അതുകൊണ്ട് മെയ് 21ന് ലോകമവസാനിയ്ക്കുന്നത് ഭൂകമ്പത്തിലൂടെയായിരിക്കും. അതില്‍ മരിയ്ക്കുന്നവര്‍ക്കെല്ലാം സ്വര്‍ഗ്ഗത്തില്‍ സീറ്റുറപ്പാണ്. മരിയ്ക്കാത്തവരുടെ കാര്യം കട്ടപ്പുകയാണ്. തീക്കളിയിലൂടെ ദൈവം ഭൂമി നശിപ്പിയ്ക്കുന്ന ഒക്ടോബര്‍ 31 വരെ അവശേഷിച്ചവര്‍ ഇവിടെ നരകിച്ചു ജീവിയ്ക്കണമെന്ന് ഹാരോള്‍ഡ് പറയുന്നു.

ഹാരോള്‍ഡിന് ആദ്യമായല്ല ഇത്തരം വെളിപാടുകള്‍ ഉണ്ടാവുന്നത്. 1994 സെപ്തംബര്‍ ആറിന് ലോകം അവസാനിക്കും എന്ന് ഇയാള്‍ പണ്ട് പ്രവചിച്ചിരുന്നു. എന്നാല്‍ അത് സംഭവിക്കാതിരുന്നപ്പോള്‍ തനിയ്ക്ക് കണക്കുകൂട്ടലില്‍ പിഴവ് പറ്റിയെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശദീകരണംഹാരോള്‍ഡിന്റെ പ്രവചനത്തെ കണ്ണുമടിച്ച് പിന്താങ്ങാന്‍ കുറെ പ്രവാചകരെത്തിയപ്പോള്‍ ഒട്ടേറെ സാധാരണക്കാര്‍ പേടിച്ചുവെന്നത് സത്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.