1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2019

ബിനു ജോര്‍ജ് (എയ്ല്‍സ്‌ഫോര്‍ഡ് ): എയ്ല്‍സ്‌ഫോര്‍ഡ് സെന്റ് പാദ്രെ പിയോ സീറോ മലബാര്‍ മിഷന്‍ കൂട്ടായ്മയുടെ പ്രഥമ ഇടവകദിനം അത്യപൂര്‍വമായ വൈവിധ്യങ്ങളോടെ ആചരിച്ചു. മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ടോമി എടാട്ടിന്റെ ആത്മീയ നേതൃത്വത്തില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയുടെ പടവുകള്‍ താണ്ടി മുന്നേറുന്ന വിശ്വാസസമൂഹത്തിന്റെ ഒത്തൊരുമയുടെയും സാഹോദര്യത്തിന്റെയും നേര്‍ക്കാഴ്ചയായിരുന്നു കഴിഞ്ഞ ഞായറാഴ്ച നടത്തപ്പെട്ട ഇടവകദിനം.

എയ്ല്‍സ്‌ഫോര്‍ഡ് ഡിറ്റന്‍ കമ്യൂണിറ്റി ഹാളില്‍ രാവിലെ 10.30 ന് അര്‍പ്പിക്കപ്പെട്ട വിശുദ്ധകുര്‍ബാനയ്ക്കു ശേഷം സണ്‍ഡേസ്‌കൂള്‍ ഹെഡ് ടീച്ചര്‍ ശ്രീ ലാലിച്ചന്‍ ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വച്ച് റവ.ഫാ. ടോമി എടാട്ട് ഇടവകദിനം ഔദ്യോഗികമായി ഉദഘാടനം ചെയ്തു. ട്രസ്റ്റിമാരായ ജോഷി ആനിത്തോട്ടത്തില്‍, ജോബി ജോസഫ്, അനൂപ് ജോണ്‍, എലിസബത്ത് ബെന്നി എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് മിഷനിലെ എല്ലാ കുടുംബങ്ങളുടെയും സജീവപങ്കാളിത്തത്തോടെ ഒരുക്കിയ ഫുഡ് ഫെസ്റ്റിവല്‍ തികച്ചും വ്യത്യസ്തമായ അനുഭവമാണ് സൃഷ്ടിച്ചത്.

നാല്പതിലധികം വരുന്ന വ്യത്യസ്തമായ വിഭവങ്ങള്‍ പരസ്പരം പങ്കുവച്ചപ്പോള്‍ വിവിധങ്ങളായ രുചിക്കൂട്ടുകള്‍ ആസ്വദിക്കുവാനുള്ള അസുലഭ അവസരമാണ് ഇടവകാംഗങ്ങള്‍ക്ക് ലഭിച്ചത്. രാവിലത്തെ ഭക്ഷണത്തിനു ശേഷം കുടുംബങ്ങളുടെ പരിചയപ്പെടലും, ചോദ്യോത്തരവേളകളും, ചര്‍ച്ചകളും നടന്നു. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിച്ച ഫണ്‍ ഗെയിമുകളും ഇന്‍ഡോര്‍ മത്സരങ്ങളും അത്യധികം ആസ്വാദ്യകരമായിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ അരങ്ങേറി. തുടര്‍ന്ന് നറുക്കെടുപ്പില്‍ വിജയികളായ ഭാഗ്യശാലികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

തികച്ചും നവ്യമായ അനുഭവം സമ്മാനിച്ച ഇടവകദിനാഘോഷങ്ങള്‍ക്കും ഫുഡ് ഫെസ്‌റിവലിനും ട്രസ്റ്റിമാരായ അനൂപ് ജോണ്‍, ജോബി ജോസഫ്, ജോഷി, എലിസബത്ത് ബെന്നി, ഫുഡ് കമ്മറ്റി അംഗങ്ങളായ സാജു മാത്യു, ലിജോ സെബാസ്റ്റ്യന്‍, ബിനു മാത്യു, ജോസ് മാനുവല്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട് ഒരുക്കിയിരുന്ന ലഘുഭക്ഷണത്തിനു ശേഷം ഏഴുമണിയോടുകൂടിഇടവകദിന ആഘോഷങ്ങള്‍ക്ക് സമാപനമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.