1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2018

സജീഷ് ടോം (യുക്മ പി.ആര്‍.ഒ.): കേരളത്തിലെ പ്രളയ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി, യുക്മയുടെ ആഭിമുഖ്യത്തില്‍, യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സമാഹരിച്ച അവശ്യ വസ്തുക്കള്‍ നാട്ടിലേക്ക് കയറ്റി അയക്കുന്നതിന് മുന്നോടിയായി കവന്‍ട്രിയില്‍ തയ്യാറാക്കിയ സോര്‍ട്ടിങ് സെന്ററില്‍ പലതരത്തിലുള്ള സാധനനങ്ങള്‍ എത്തിച്ച് വേര്‍തിരിക്കുന്ന ജോലികള്‍ നടന്നു. ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ആരംഭിച്ച സോര്‍ട്ടിങ് തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് പൂര്‍ത്തിയായത്.

25 ടണ്ണോളം അവശ്യ വസ്തുക്കളാണ് യുകെ മലയാളികളുടെ കാരുണ്യത്താല്‍ കേരളത്തിലേക്ക് വിമാനമാര്‍ഗ്ഗം അയയ്ക്കാക്കാന്‍ യുക്മ തയ്യാറെടുത്തതെങ്കിലും അതില്‍ കൂടുതല്‍ സാധനങ്ങള്‍ ഇന്നലെ കവന്‍ട്രിയലെ സോര്‍ട്ടിംഗ് സെന്ററില്‍ എത്തിയിരുന്നു. യുക്മയുടെ അംഗ അസോസിയേഷനുകളില്‍ നിന്നു മാത്രമല്ല ഇംഗ്ലണ്ടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും സ്‌കോട്ട്‌ലന്‍ഡില്‍ നിന്നും മലയാളികളും വിവിധ രാജ്യക്കാരായ മനുഷ്യ സ്‌നേഹികളും ഇതിനായി അവശ്യ വസ്തുക്കള്‍ കൈയ്യയച്ചു സംഭാവന നല്‍കുകയായിരുന്നു. കൂടുതല്‍ സാധനങ്ങള്‍ എത്തിച്ചേര്‍ന്നതിനാല്‍ തുണിത്തരങ്ങള്‍ ഉള്‍പ്പടെ പുതിയ വസ്തുക്കള്‍ മാത്രമാണ് തരംതിരിച്ച് അയക്കാനായത്. 25 ടണ്ണില്‍ കൂടുതല്‍ അവശ്യവസ്തുക്കള്‍ പായ്ക്ക് ചെയ്തിട്ടുള്ളതിനാല്‍ പായ്ക്ക് ചെയ്ത അത്രയും സാധനങ്ങള്‍ നാട്ടിലെത്തിക്കണമെന്ന് എയര്‍ ഇന്‍ഡ്യയോട് അഭ്യര്‍ത്ഥിച്ചിടുണ്ടെന്ന് സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് അറിയിച്ചു.

ഞായറാഴ്ച ഉച്ചക്ക് 12 ന് പ്രവര്‍ത്തനമാരംഭിച്ച സോര്‍ട്ടിങ് സെന്ററില്‍ യുക്മ അംഗ അസോസിയേഷന്‍ അംഗങ്ങളും യുക്മ യൂത്ത് വിങും യുക്മ സ്‌നേഹികളുമായ നൂറ് കണക്കിന് വോളന്റിയര്‍മാരും കഠിനാധ്വാനം ചെയ്താണ് സാധനങ്ങള്‍ തരംതിരിച്ച് വീണ്ടും പായ്ക്ക് ചെയ്ത് കയറ്റി അയക്കാന്‍ തയ്യാറാക്കിയത്. തിരുവോണ ദിവസമായ ശനിയാഴ്ച തന്നെ വിവിധ റീജിയനുകളില്‍ ഭാരവാഹികളും അസ്സോസിയേഷന്‍ അംഗങ്ങളും അവശ്യ വസ്തുക്കള്‍ ശേഖരിച്ച് വാഹനങ്ങളില്‍ ലോഡ് ചെയ്തിരുന്നു. യുകെയിലെ മുഴുവന്‍ മലയാളികളെയും കൂടാതെ തന്നെ അന്യദേശക്കാരും പങ്കാളികളായ ഈ ദൗത്യം യുക്മ ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു തിലകക്കുറിയായി മാറുകയാണ്.

ദുരിതാശ്വാസ രക്ഷാ ക്യാമ്പുകളില്‍ അവശ്യവസ്തുക്കള്‍ ലഭ്യമായിരുന്നു എങ്കിലും, തിരികെ വീടുകളിലെത്തുന്നവര്‍ക്ക് വീട്ടിലുണ്ടായിരുന്ന ഒന്നും തന്നെ ഉപയോഗിക്കുവാന്‍ പറ്റാത്ത സ്ഥിതിയിലാണ്. ഈ വസ്തുത മുന്നില്‍ കണ്ടുകൊണ്ടാണ് യുക്മ ഇങ്ങനെ ഒരു ദൗത്യം ഏറ്റെടുത്തത്. ഇവിടെ നിന്നും എയര്‍ ഇന്‍ഡ്യ വഴി നാട്ടിലെത്തിക്കുന്ന സാധനങ്ങള്‍ ഇപ്പോള്‍ കേരളത്തിലുള്ള യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് വിമാനത്താവളത്തില്‍ നിന്നും ഏറ്റുവാങ്ങി വിവിധ ജില്ലകളിലെ ദുരിതാശ്വാസകേന്ദ്രങ്ങളില്‍ എത്തിക്കും.

യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണിയനിലെ പ്രമുഖ അസ്സോസിയേഷനുകളില്‍ ഒന്നായ കവന്‍ട്രി കേരളാ കമ്യുണിറ്റിയുടെ ആഭിമുഖ്യത്തിലാണ് സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് പാരീഷ് ഹാളില്‍ യുക്മക്ക് വേണ്ടി സോര്‍ട്ടിങ് സെന്റര്‍ ഒരുക്കിയിരുന്നത്. പ്രസിഡന്റ് ജോര്‍ജ് വടക്കേക്കുറ്റ്, സെക്രട്ടറി ഷിംസണ്‍ മാത്യു, ട്രഷറര്‍ ജോസ് തോമസ് പരമ്പൊത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ സി കെസി അംഗങ്ങളുടെ വലിയൊരു സഹായം ഇക്കാര്യത്തിന് ലഭിക്കുകയുണ്ടായി.

യുക്മ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ ട്രഷറര്‍ അലക്‌സ് വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് സുജു ജോസഫ്, ജോയിന്റ് സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍, നാഷണല്‍ കമ്മിറ്റിയംഗങ്ങളായ ഡോ.ബിജു പെരിങ്ങത്തറ, ജോമോന്‍ കുന്നേല്‍, റീജിയണല്‍ ഭാരവാഹികളായ വര്‍ഗ്ഗീസ് ചെറിയാന്‍, ബാബു മാങ്കുഴിയില്‍, ലാലു ആന്റണി, ഡിക്‌സ് ജോര്‍ജ്, പി.പി.പുഷ്പരാജ്, തങ്കച്ചന്‍ എബ്രഹാം, ജോജോ തെരുവന്‍, സന്തോഷ് തോമസ്, അജിത്ത് വെണ്‍മണി, അനില്‍ വര്‍ഗ്ഗീസ്, കോശിയ ജോസ്, നോബി ജോസ്, യുക്മ ടൂറിസം വൈസ്‌ചെയര്‍മാന്‍ ടിറ്റോ തോമസ്, യുക്മ ചാരിററി അംഗം വര്‍ഗ്ഗീസ് ഡാനിയേല്‍, യുക്മ പി.ആര്‍.ഒ അനീഷ് ജോണ്‍, യുക്മ ന്യൂസ് ടീമംഗങ്ങളായ ബെന്നി അഗസ്റ്റിന്‍, ബിബിന്‍ എബ്രഹാം, നഴ്‌സസ് ഫോറം പ്രതിനിധി എബ്രഹാം പൊന്നും പുരയിടം, തുടങ്ങി യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന സന്നദ്ധ പ്രവര്‍ത്തകരാണ് ബൃഹത്തായ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചത്.

പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന കേരളത്തിലെ സഹോദരങ്ങളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി യുക്മ നേതൃത്വം നല്‍കിയ ഈ ചാരിറ്റി പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാ നന്മ നിറഞ്ഞവര്‍ക്കും യുക്മ നാഷണല്‍ കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.