1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2018

ബെന്നി അഗസ്റ്റിന്‍ (ലിവര്‍പൂള്‍): ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം ലിവര്‍പൂളിലെ രാജവീഥികളില്‍ ആദ്യമായി ക്രിസ്തുരാജന് ഹോസാന പാടി പതിനായിരങ്ങള്‍ നടന്നു നീങ്ങി. ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് യുകെയുടെ വിവിധ രൂപതകളില്‍ നിന്നും എത്തിച്ചേര്‍ന്ന പതിനായിരത്തോളം വിശ്വാസികള്‍ ലിവര്‍പൂളിന്റെ വീഥികളിലൂടെ അനുഗ്രഹതുള്ളികളായി ശക്തമായി വീണ മഴയിലും ഒരു മടിയും കൂടാതെ ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനയില്‍ സ്വര്‍ഗീയാനുഭൂതിയോടെ നടന്നു നീങ്ങി. ആ ചരിത്ര നിമിഷം ലോകമെമ്പാടുമെത്തിക്കാന്‍ ശാലോം വോള്‍ഡ് ടി.വി തത്സമയം പ്രക്ഷേപണം ചെയ്തിരുന്നു. സെപ്തംബര്‍ ഏഴുമുതല്‍ ഒന്‍പതുവരെ ലിവര്‍പൂള്‍ നഗരം ആതിഥേയത്വം വഹിച്ച ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ‘അഡോറംസ് 2018’, പൊതുനിരത്തിലൂടെയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിച്ചു.

ഇടവകകളിലെ ദിവ്യകാരുണ്യ ആരാധന പുനരുജ്ജീവിപ്പിക്കുക, ദിവ്യബലിയോടുള്ള മഹത്തായ സ്‌നേഹം പ്രോത്സാഹിപ്പിക്കുക, സഭാചരിത്രത്തില്‍ ദിവ്യകാരുണ്യത്തിനുള്ള പ്രാധാന്യത്തെ കുറിച്ച് ആഴമായ ബോധ്യം പകര്‍ന്ന് നല്‍കുക, വിദ്യാലയങ്ങളിലും ഇടവകകളിലും ദിവ്യകാരുണ്യ ആരാധനയ്ക്കുള്ള അവസരങ്ങളൊരുക്കുക, ഇടവകകളിലെ മതാധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ദിവ്യകാരുണ്യനാഥനെ ആരാധിക്കാന്‍ ഒരുക്കുക, ഇടവക ശുശ്രൂഷയുടെ കേന്ദ്രസ്ഥാനം ദിവ്യകാരുണ്യമാണെന്ന ബോധ്യം പകരുക എന്നിവയായിരുന്നു ‘അഡോറംസ് 2018’ ന്റെ ലക്ഷ്യങ്ങള്‍. നമുക്ക് ആരാധിക്കാം എന്നാണ് ‘അഡോറംസ്’ എന്ന വാക്കിന്റെ അര്‍ത്ഥം.

ദൈവശാസ്ത്ര പ്രബന്ധാവതരണം, യൂക്കരിസ്റ്റിക് മിനിസ്റ്റര്‍മാര്‍ക്കുവേണ്ടിയുള്ള ക്ലാസുകള്‍, ദിവ്യകാരുണ്യ സെമിനാറുകള്‍ എന്നിവയായിരുന്നു ആദ്യ ദിനത്തിലെ പ്രധാന പരിപാടികള്‍. കൂടാതെ ആശുപത്രികളിലും കെയര്‍ ഹോമുകളിലും ജയിലുകളിലും സേവനമനുഷ്~ിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്കായുള്ള ശില്‍പ്പശാലകളും സംഘടിപ്പിച്ചിരുന്നു. ലിവര്‍പൂളിലെ എ.സി.സിയില്‍ ലിവര്‍പൂള്‍ ആര്‍ച്ച്ബിഷപ്പ് മാല്‍ക്കം മക്മഹന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെ പരിപാടികള്‍ക്ക് തുടക്കമായിരുന്നു.

എക്കോ അരീനയിലാണ് രണ്ടാം ദിന പരിപാടികള്‍ ക്രമീകരിച്ചിരുന്നത്. ബര്‍മിംഗ്ഹാം അതിരൂപതാ സഹായമെത്രാന്‍ റോബര്‍ട് ബ്രയന്‍ പ്രാരംഭ പ്രാര്‍ത്ഥന നയിച്ചു. പ്രഭാഷണങ്ങളും ദിവ്യകാരുണ്യ ഭക്തി പ്രഘോഷിക്കുന്ന നാടകവും ആയിരുന്നു ‘കോണ്‍ഗ്രസ് ഡേ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന രണ്ടാം ദിനത്തിന്റെ സവിശേഷതകള്‍. ലോസ് ആഞ്ചലസ് അതിരൂപതാ സഹായമെത്രാനും പ്രമുഖ വാഗ്മിയും ദൈവശാസ്ത്രജ്ഞനും ‘വേര്‍ഡ് ഓണ്‍ ഫയര്‍’ മിനിസ്ട്രി സ്ഥാപകനുമായ റോബര്‍ട്ട് ബാരന്‍ മുഖ്യപ്രഭാഷണം നടത്തി. കാര്‍ഡിനാള്‍ വിന്‍സെന്റ് നിക്കോളാസ് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നടത്തി.

‘പില്‍ഗ്രിമേജ് ഡേ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന സമാപന ദിനത്തില്‍ തിരുക്കര്‍മങ്ങള്‍ ലിവര്‍പൂളിലെ ക്രൈസ്റ്റ് ദ കിംഗ് മെട്രോപ്പൊളീറ്റന്‍ കത്തീഡ്രലില്‍ നടന്നു. രാവിലെ 9.30ന് അര്‍പ്പിച്ച ദിവ്യബലിയില്‍ ആര്‍ച്ച് ബിഷപ്പ് മക്മഹന്‍ മുഖ്യകാര്‍മികനായിരുന്നു. തുടര്‍ന്ന് 11.00ന് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ബിഷപ്പ് കൗണ്‍സില്‍ അധ്യക്ഷനും വെസ്റ്റ്മിനിസ്റ്റര്‍ ആര്‍ച്ച്ബിഷപ്പുമായ വിന്‍സെന്റ് നിക്കോള്‍സിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പണം നടന്നു . ആര്‍ച്ച്ബിഷപ്പ് മക്മഹന്‍ വചനസന്ദേശം നല്‍കി. തുടര്‍ന്ന്, 1 മണിക്ക് നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് യുകെയുടെ വിവിധ രൂപതകളില്‍ നിന്നും എത്തിച്ചേര്‍ന്ന പതിനായിരത്തോളം വിശ്വാസികള്‍ ലിവര്‍പൂളിന്റെ വീഥികളിലൂടെ അനുഗ്രഹതുള്ളികളായി ശക്തമായി വീണ മഴയിലും ഒരു മടിയും കൂടാതെ ക്രിസ്തുരാജന് ഓശാന പാടി നീങ്ങി. 2.45ന് ബെനഡിക്ഷനോടെ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് തിരശീലവീണു.

അപ്പത്തിലെ ദിവ്യകാരുണ്യ സാന്നിദ്ധ്യം, ലിവര്‍പൂളിന്റെ രാജവീഥി കളിലൂടെ എഴുന്നെള്ളിയപ്പോള്‍, യൂറോപ്പിന് നഷ്ടമായ ക്രിസ്തു സാന്നിദ്ധ്യത്തിന്റെ ഉയിര്‍പ്പെഴുന്നേല്‍പ്പായിരുന്നു. ഈ കോണ്‍ഫറന്‍സിലൂടെ യു.കെയിലെങ്ങും ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കാനും വളര്‍ത്താനും കഴിയുമെന്നാണ് സഭ പ്രത്യാശിക്കുന്നത്. ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും വീണ്ണിന്റെ നാഥന്‍ മണ്ണിലേക്കെഴുന്നള്ളുന്ന സ്വര്‍ഗ്ഗീയ നിമിഷങ്ങക്ക് ലിവര്‍പൂള്‍ സാക്ഷ്യം വഹിച്ചു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.