1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2019

തങ്കച്ചന്‍ എബ്രഹാo (സെക്രട്ടറി, നോര്‍ത്ത് വെസ്റ്റ് റീജിയന്‍, മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയിലെ ഫോറം സെന്ററില്‍ മലയാളികള്‍ ഇതുവരെ സംഘടിപ്പിച്ചതില്‍ ഏറ്റവും വലിയ പരിപാടിയായി മാറിയ യുക്മ ഫാമിലി ഫെസ്റ്റിന്റെ സംഘാടക മികവിന് കാണികളില്‍ നിന്നും അഭിനന്ദന പ്രവാഹം. ഉച്ചയോടെ രഞ്ജിത്ത് ഗണേഷ്, ജിക്‌സി എന്നിവര്‍ ചേര്‍ന്ന് ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനം യുക്മ പ്രസിഡന്റ് ശ്രീ.മാമ്മന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. യുക്മ ഫാമിലി ഫെസ്റ്റ് ജനറല്‍ കണ്‍വീനററും യുക്മ ട്രഷററുമായ അലക്‌സ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യുക്മ സെക്രട്ടറി ശ്രീ.റോജിമോന്‍ വറുഗീസ് സ്വാഗതം ആശംസിച്ചു. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സെക്രട്ടറി ശ്രീ.ഷീജോ വര്‍ഗ്ഗീസ് നന്ദി പ്രകാശിപ്പിച്ചു. യുക്മയുടെ ദേശീയ റീജിയണല്‍ ഭാരവാഹികളും പ്രധാന സ്‌പോണ്‍സര്‍മാരും യുക്മ ഫെസ്റ്റിന്റെ വേദിയിയില്‍ നിറസാന്നിധ്യമായി. അശ്വിന്‍, റിയാ രഞ്ജിത്ത് എന്നിവര്‍ അവതാരക വേഷം ഭംഗിയായി കൈകാര്യം ചെയ്തു. ഡോ. ദീപാ ജേക്കബ്, സിന്ധു ഉണ്ണി എന്നിവര്‍ പരിപാടികള്‍ ക്രമീകരിച്ചു.

ഡിജിറ്റല്‍ സാങ്കേതിവിദ്യയുടെ മികവോടെ, അകമ്പടിയോടെ പ്രൊഫഷണര്‍ അവാര്‍ഡ് നൈറ്റുകളോട് കിടപിടിക്കത്ത രീതിയില്‍ ആദ്യമായി യുക്മ വേദിയില്‍ അരങ്ങേറിയ യുക്മ ഫാമിലി ഫെസ്റ്റ് കാണികള്‍ക്ക് അവാച്യമായ അനുഭൂതിയാണ് സമ്മാനിച്ചത്. അനുഗ്രഹീത കലാകാരി സ്റ്റെഫി സ്രാമ്പിക്കലും സംഘവും അവതരിപ്പിച്ച വെല്‍ക്കം ഡാന്‍സോടുകൂടി ആരംഭിച്ച കലയുടെ ഒരു ദിവസത്തിന് പരിസമാപ്തി കുറിച്ചപ്പോള്‍ രാത്രി എറെ വൈകിയിരുന്നു. കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പടെ വേദിയില്‍ അരങ്ങേറിയ പാട്ടും ശാസ്ത്രീയ നൃത്തവും ബോളിവുഡ് ഡാന്‍സും കോമഡിയും നാടകവും ഉള്‍പ്പെടുന്ന കലപരിപാടികളെല്ലാം ഉന്നത നിലവാരം പുലര്‍ത്തുന്നതായിരുന്നു.

മാഞ്ചസ്റ്റര്‍ മേളം രാധേഷ് നായരുടെ നേതൃത്വത്തില്‍ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ അകമ്പടിയോടെ കാണികള്‍ക്ക് മേളപ്പെരുമയൊരുക്കിയപ്പോള്‍, ഡോ. സിബി വേകത്താനത്തിന്റെ തിരക്കഥയിലും സംവിധാനത്തിലും ട്രാഫോര്‍ഡ് നാടക സമിതിയുടെ കലാകാരന്‍മാര്‍ അവതരിപ്പിച്ച ‘സിഗററ്റ് കൂട്’ നാടകം പ്രൊഫഷണല്‍ നിലവാരം പുലര്‍ത്തുകയുണ്ടായി.

എം.എം.സി.എ വനിതകള്‍ അവതരിപ്പിച്ച തിരുവാതിര തുടങ്ങി പരിപാടികള്‍ അവസാനിച്ചപ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു. കലാപരിപാടികളുടെ ഇടവേളകളില്‍ അവാര്‍ഡ് ദാന ചടങ്ങുകളും നടന്നു.  മോഹന്‍ലാലിന്റെ ശബ്ദം വളരെ മികച്ച രീതിയില്‍ അവതരിപ്പിച്ച് കൈയ്യടി നേടിയ അശോക് ഗോവിന്ദ് നിരവധി കലാകാരന്‍മാരുടെ ശബ്ദവും അനുകരിക്കുകയുണ്ടായി. രെഞ്ജു ജോര്‍ജിന്റെ കീബോര്‍ഡിലെ പ്രകടനം തുടങ്ങി പാട്ടും നൃത്തവുമായി മാഞ്ചസ്റ്ററിനെ രസിപ്പിച്ച, തൃസിച്ചിച്ച, സന്തോഷത്തിലാറാടിപ്പിച്ച ദിവസമായിരുന്നു യുക്മ ഫാമിലി ഫെസ്റ്റ് എന്നതില്‍ എല്ലാവരും ഏകമനസോടെ യോജിക്കുന്നു.

പ്രവേശനം തികച്ചും സൗജന്യമായി നടത്തിയ ഈ പരിപാടി മാമ്മന്‍ ഫിലിപ്പ് നേതൃത്വം നല്‍കുന്ന നാഷണല്‍ കമ്മിറ്റിയുടെ അവസാന പരിപാടി കൂടിയായിരുന്നു. അവസാനത്തെ പരിപാടി ഗംഭീരമാക്കുവാന്‍ നടത്തിയ കഠിന പരിശ്രമം വിജയത്തിലെത്തിയതിന്റെ സംതൃപ്തിയിലാണ് മാമ്മന്‍ ഫിലിപ്പും സംഘവും.

യുക്മ ഫാമിലി ഫെസ്റ്റ് വിജയിപ്പിക്കുന്നതിനായി അഹോരാത്രം പ്രവര്‍ത്തിച്ച എല്ലാ കലാകാരന്‍മാര്‍ക്കും, കലാകാരികള്‍ക്കും, ദേശീയ, റീജിയണല്‍, അസോസിയേഷന്‍ ഭാരവാഹികള്‍ക്കും എല്ലാറ്റിനുമുപരിയായി ഫോറം ഹാളിലേക്ക് ഒഴുകിയെത്തിയ കാണികള്‍ക്കും യുക്മ നാഷണല്‍ കമ്മിറ്റിക്ക് വേണ്ടി യുക്മ ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ അലക്‌സ് വര്‍ഗ്ഗീസ്, യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ഷീജോ വര്‍ഗ്ഗീസ്, സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം എന്നിവര്‍ നന്ദി രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.