1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2011

തര്‍ക്കപ്രദേശമെന്ന് ചൈനതന്നെ വിശേഷിപ്പിക്കുന്ന അരുണാചലനിനെ സ്വന്തമാക്കിക്കൊണ്ട് ചൈന സ്വന്തം ഭൂപട വെബ്‌സൈറ്റ്  പുറത്തിറക്കി.

ഗൂഗിള്‍ മാപ്പിനു ബദലായിട്ടാണ് ചൈന സ്വന്തം ഭൂപട വെബ്‌സൈറ്റ് പുറത്തിറക്കിയിരിക്കുന്നത്. ഗൂഗിളുമായുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് ചൈന മാപ്പ് വേള്‍ഡ് എന്നു പേരിട്ടിരിക്കുന്ന ഭൂപട സര്‍വീസ് തുടങ്ങിയത്.

ചൈനീസ് ഭാഷയിലാണിതില്‍ പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഐഫോണ്‍ തുടങ്ങിയ മൊബൈല്‍ സര്‍വീസുകളിലും ഇതു ലഭ്യമാണ്. അരുണാചല്‍ പ്രദേശിനെയും ജമ്മു കശ്മീരിലെ അക്‌സായി ചിന്നിനെയും സ്വന്തം പ്രദേശങ്ങളായാണ് സൈറ്റില്‍ കാണിച്ചിരിക്കുന്നത്.

ഇന്ത്യയുടെ അരുണാചല്‍ പ്രദേശ് തങ്ങളുടെ തെക്കന്‍ ടിബറ്റ് ആണെന്നാണ് ചൈനയുടെ അവകാശവാദം. മാപ്പ് വേള്‍ഡില്‍ തെക്കന്‍ ടിബറ്റ് എന്നു പ്രത്യേകം പറഞ്ഞിട്ടില്ലെങ്കിലും ചൈനീസ് ഭൂഭാഗമായാണ് അരുണാചലിനെ ചിത്രീകരിച്ചിരിക്കുന്നത്.

ജമ്മുകശ്മീരിലെ ലഡാക്കിന്റെ ഭാഗമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ള അക്‌സായി ചിന്‍ പ്രദേശത്തെയും ചൈനയുടെ അതിര്‍ത്തിക്കുള്ളിലാണ് കാണിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലെ നിയന്ത്രണരേഖ മാപ്പില്‍ കാണിച്ചിട്ടുണ്ട്. അതിന്നിരുപുറവുമുള്ള ഭാഗങ്ങള്‍ ഇന്ത്യയുടെയും പാകിസ്താന്റെയും അധീനതയിലുള്ള പ്രദേശങ്ങളെന്നു വ്യക്തമാക്കിയിട്ടുമുണ്ട്.

ഇന്ത്യയും ചൈനയും തമ്മില്‍ തുടരുന്ന അതിര്‍ത്തിത്തര്‍ക്കത്തിന്റെ ഭാഗമാണ് അരുണാചലും അക്‌സായി ചിന്നും. 14 വട്ടം ചര്‍ച്ച നടത്തിയെങ്കിലും ഇക്കാര്യത്തില്‍ പരിഹാരമൊന്നുമുണ്ടായിട്ടില്ല. അരുണാചല്‍, കശ്മീര്‍ നിലപാടുകളില്‍ മാറ്റമില്ലെന്ന് ചൈന കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. ഇവിടേയ്ക്ക് ചൈന പ്രത്യേകം കടലാസു വിസകള്‍ അടിച്ച് നല്‍കുന്നുമുണ്ട്. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ പലവട്ടം വ്യക്തമാക്കിക്കഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.